പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ മാതാവിന്റെ ആൺസുഹൃത്തിനെതിരെ പോക്സോ കേസ്. സ്റ്റേഷൻ പരിധിയിലെ പതിനഞ്ചുകാരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മുപ്പതിന് രാത്രി ഒമ്പത് മണിയോടെയാണ് റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ വാടകവീട്ടിലാണ് സംഭവം.

ആൺസുഹൃത്ത് കണ്ടെത്തിയ വാടക വീട്ടിലാണ് ഭർത്താവുമായി അകന്നുകഴിയുന്ന മുപ്പത്താറുകാരി കഴിയുന്നത്. കഴിഞ്ഞ 30ന് ആൺസുഹൃത്തും സുഹൃത്തുക്കളും ഓണാഘോഷ ഭാഗമായി രാത്രി വാടക വീട്ടിലെത്തിയിരുന്നു. മൂന്നുപേരും ചേർന്ന് മദ്യപാനം ആരംഭിച്ചതോടെ 15കാരൻ അതിനെ ചോദ്യം ചെയ്തു. ഇതേ തുടർന്ന് കുട്ടിയെ മാതാവും മറ്റ് മൂന്നു പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

അതിനിടേ കൂട്ടത്തിലുണ്ടായിരുന്ന യുവാവ് കുട്ടിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്തു. തുടർന്ന് അടുത്ത ദിവസം രാവിലെ കുട്ടി ബന്ധുക്കളുടെ സഹായത്തോടെ പയ്യന്നൂർ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ മർദ്ദിച്ച മാതാവിനും മറ്റു മൂന്നു യുവാക്കൾക്കുമെതിരെ കേസെടുത്തു. ലൈംഗിക പ്രദർശനം നടത്തിയ യുവാവിനെതിരേയും പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.