ന്യൂഡൽഹി:സാഹചര്യങ്ങൾ മുതലെടുക്കുന്ന സദാചാര പണിക്ക് പൊലീസുകാർ പോകേണ്ടെന്ന് സുപ്രീം കോടതി.വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങൾ മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങൾ മുന്നോട്ടു വെക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. ഗുജറാത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട നടപടി ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് രാജ്യത്തെ പൊലീസ് സേനകൾക്ക് നേരെ ശക്തമായ വിമർശനം ഉന്നയിച്ചത്.

വഡോദരയിലെ ഐപിസിഎൽ ടൗൺഷിപ്പിൽ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സിഐഎസ്എഫ് കോൺസ്റ്റബിൾ സന്തോഷ് കുമാർ പാണ്ഡെയെയാണ് സദാചാര പൊലീസ് ആരോപണത്തെത്തുടർന്ന് പിരിച്ചു വിട്ടത്.അപമര്യാദയായ പെരുമാറ്റമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2001 ഒക്ടോബറിലായിരുന്നു പാണ്ഡെക്കെതിരെ നടപടിയെടുത്തത്.ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി 2014 ഡിസംബർ 16 ന് സന്തോഷ് കുമാർ പാണ്ഡെയെ പിരിച്ചു വിട്ടത് റദ്ദാക്കുകയും, സർവീസിൽ തിരിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു.

നടപടിയെടുത്ത കാലം മുതലുള്ള ശമ്പളം 50 ശതമാനം നൽകാനും നിർദ്ദേശം നൽകിയിരുന്നു.ഹൈക്കോടതിയുടെ ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.ഐപിസിഎൽ ടൗൺഷിപ്പിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ അതുവഴി ബൈക്കിൽ വന്ന മഹേഷ് ബി ചൗധരി, പ്രതിശ്രുത വധു എന്നിവരെ തടഞ്ഞു നിർത്തുകയും സദാചാര പൊലീസ് ചമഞ്ഞ് അപമര്യാദയോടെ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.വിട്ടയക്കുന്നതിന് പ്രതിഫലമായി പരാതിക്കാരന്റെ വാച്ചും ഊരി വാങ്ങിയതായും പരാതിയിൽ വ്യക്തമാക്കുന്നു.