തിരുവനന്തപുരം: രാജ്ഭവനിൽ ഗവർണർ താമസിക്കുന്ന വസതിയുടെ (ഗവർണേഴ്‌സ് അപ്പാർട്ട്‌മെന്റ്) മച്ചിലൂടെ മരപ്പട്ടികൾ ഓടുന്നു. രാത്രിയിൽ വല്ലാത്ത ശബ്ദം. മുറികളിൽ മൂത്രമൊഴിച്ച് നാശമാക്കുന്നു. ഉറക്കം നഷ്ടമായതോടെ,അതിവിശിഷ്ടാതിഥികൾക്കുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം താമസം മാറ്റി.

ആറുമാസം ഇവിടെയായിരിക്കും താമസം.രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ മാത്രമായി രാജ്ഭവൻ വളപ്പിൽ തന്നെയുള്ളതാണ് ആഡംബര സൗകര്യങ്ങളുള്ള പ്രസിഡൻഷ്യൽ സ്യൂട്ട്. അനന്തപുരി സ്യൂട്ട് എന്നും പേരുണ്ട്.കേരളീയ വാസ്തുശിൽപ്പ മാതൃകയിലുള്ള മന്ദിരമാണ് രാജ്ഭവൻ. മുറികളിൽ മച്ചുകളും അതിനു മുകളിൽ പാകിയ ഓടുകളുമുണ്ട്. മച്ചിനു മുകളിലാണ് മരപ്പട്ടികൾ വിഹരിക്കുന്നത്.

ഗവർണറുടെ ഉറക്കത്തിനു പോലും തടസമായതോടെ, പൊട്ടിയ ഓടുകൾ മാറ്റാനും മച്ചുകൾ നവീകരിക്കാനും ഗവർണർ നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണിയും നവീകരണവും തുടങ്ങിയതോടെയാണ് ഗവർണർ താമസം മാറ്റിയത്.തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത്.

ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേർന്ന് നാല് മുറികളുമടങ്ങിയതാണിത്. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുമുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസം ഇവിടെ തങ്ങിയിട്ടുണ്ട്. ഗവർണർമാർക്കും പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാം.