മുംബൈ: നടി കങ്കണ രണാവതിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകളെ പരിഹസിച്ച ബിജെപി എംപി ഹേമമാലിനിയുടെ ഉത്തരം നേരത്തേ വൈറലായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ കങ്കണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ഹേമമാലിനി പരിഹാസ മറുപടി നൽകിയത്. മറ്റൊരു ബോളിവുഡ് നടിയായ രാഖി സാവന്തിനെ ഉദ്ധരിച്ചായിരുന്നു ഹേമമാലിനിയുടെ മറുപടി. 'രാഖി സാവന്തിനുവരെ എംപിയാകാവുന്ന അവസ്ഥയാണ്' നാട്ടിലെന്നാണ് മഥുര നിയോജക മണ്ഡലത്തിലെ നിലവിലെ എംപികൂടിയായ ഹേമമാലിനി പറഞ്ഞത്.

ഇപ്പോൾ ഹേമമാലിനിക്ക് മറുപടിയുമായി എത്തിയിരിക്കുന്നത് രാഖി സാവന്താണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് രാഖി പറഞ്ഞു. 'ചായ വിൽപനക്കാരന് പ്രധാനമന്ത്രിയാകാൻ കഴിയുമെങ്കിൽ ബോളിവുഡ് താരമായ തനിക്ക് മുഖ്യമന്ത്രിയാകാൻവരെ ഒരു തടസവുമില്ല'എന്നാണ് രാഖി പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് അവർ ഈ പ്രധാന ഉത്തരവാദിത്തം തന്റെ മേൽ ഏൽപ്പിച്ചതിനും യോഗ്യയായി പരിഗണിച്ചതിനും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഹേമമാലിനി ജി നേരത്തെ പ്രഖ്യാപിച്ചതുപോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം തന്നതിന് നന്ദി. കുട്ടിക്കാലം മുതൽ താൻ രാജ്യത്തെ സേവിക്കുന്നുണ്ടെന്നും സാവന്ത് കൂട്ടിച്ചേർത്തു.

സിനിമയിലെ ഐറ്റം നമ്പറുകൾക്ക് പേരുകേട്ട നടിയാണ് രാഖി സാവന്ത്. തന്റെ വിവാഹത്തിനായി റിയാലിറ്റി ഷോ നടത്തിയാണ് ഒരുകാലത്ത് രാഖി വാർത്ത സൃഷ്ടിച്ചത്. കൂടാതെ ബിഗ് ബോസ് ഹിന്ദി പതിപ്പിൽ പങ്കെടുക്കവേയും അവർ നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവും രാഖി നേരത്തേ പയറ്റിത്തെളിഞ്ഞ മേഖലയാണ്. 2014-ൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് സ്വന്തം രാഷ്ട്രീയ പാർട്ടിയായ 'അപ്നാ ദളി'ന്റെ സ്ഥാനാർത്ഥിയായി അവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് അവർ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ)യിൽ ചേർന്നു.