റാന്നി: ശബരിമല തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി റാന്നി താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിനു ശേഷം എത്തുന്ന മണ്ഡല കാലമായതിനാൽ തന്നെ അതീവ പ്രാധാന്യത്തോടെയും ജാഗ്രതയോടെയും ഈ സമയത്ത് പ്രവർത്തനങ്ങൾ ചെയ്യണം. ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൃത്യമായ ഏകോപനത്തോടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തീകരിക്കണം. തീർത്ഥാടകർ സ്‌നാനം ചെയ്യാൻ ഇറങ്ങുന്ന കടവുകളിൽ വിവിധ ഭാഷകളിലുള്ള സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാൻ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.

നവംബർ അഞ്ചിനകം കടവുകളിലെ ചെളി നീക്കം ചെയ്യുന്നതിനൊപ്പം വേണ്ട സുരക്ഷ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. തീർത്ഥാടന കാലം തുടങ്ങുന്ന സമയത്ത് വനിതകൾ ഉൾപ്പെടെ 3000 പൊലീസുകാരുടെ സേവനം ലഭ്യമാകുമെന്നും വടശേരിക്കര, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത ഡിവൈഎസ്‌പി സന്തോഷ് കുമാർ പറഞ്ഞു. മുൻവർഷങ്ങളിൽ നടത്തിയിരുന്ന പോലെ പുണ്യം പൂങ്കാവനം പദ്ധതി ഈ വർഷവും നടപ്പാക്കും.

ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന് എക്‌സൈസ് വകുപ്പ് കർശന പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി കൂടുതൽ ഊർജിതമായി നടത്തും.തീർത്ഥാടകർ എത്തുന്ന കടവുകളിൽ ആവശ്യമായ ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പുവരുത്താനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ നടത്തിവരുന്നു. തീർത്ഥാടകരെ വ്യാപാര സ്ഥാപനങ്ങൾ ചൂഷണം ചെയ്യാൻ പാടില്ലെന്നും അങ്ങനെയുണ്ടായാൽ കൃത്യമായ പിഴ ഈടാക്കാനും ലീഗൽ മെട്രോളജി വകുപ്പിന് എംഎൽഎ നിർദ്ദേശം നൽകി. സാധനങ്ങളുടെ വില വിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി താലൂക്കിൽ തഹസിൽദാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സെന്റർ പ്രവർത്തിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നാല് സ്‌ക്വാഡുകൾ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ പ്രവർത്തിക്കും. നിലയ്ക്കലിൽ മൊബൈൽ ഫുഡ് ലാബും പ്രവർത്തിക്കും. തിരുവാഭരണ പാതകളിൽ വെളിച്ചം ഉറപ്പാക്കുന്നതിനും അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ തിരുവാഭരണം വരുന്ന ദിവസം മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പെരുനാട്ടിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ട സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും എംഎൽഎ യോഗത്തിൽ പറഞ്ഞു.

കൂടാതെ റാന്നിയിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്കും കെഎസ്ആർടിസി എംഡിക്കും കത്ത് നൽകാനും യോഗത്തിൽ ധാരണയായി. റാന്നി താലൂക്ക് ആശുപത്രിയിൽ ഭക്തർക്ക് പ്രത്യേക ഒപി കൗണ്ടറും പ്രത്യേക ചികിത്സകൾ അടിയന്തരമായി നൽകുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാട്ടർ അഥോറിറ്റിയും വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്ത് വരുന്നതായി യോഗത്തിൽ അറിയിച്ചു. റാന്നിയിലൂടെ സുഗമമായി ഭക്തർക്ക് പമ്പയിൽ എത്താൻ അവസരമുള്ളതിനാൽ അത് പ്രയോജനപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ ആവശ്യപ്പെട്ടു. പെരുനാട് ഗ്രാമ പഞ്ചായത്തിൽ നാളെ ഉച്ചയ്ക്ക് മൂന്നിനും വടശേരിക്കരയിൽ ഉടൻ തന്നെയും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പഞ്ചായത്ത്തല യോഗം വിളിച്ചു ചേർക്കാനും ധാരണയായി.

യോഗത്തിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റും പെരുനാട് പഞ്ചായത്ത് അധ്യക്ഷനുമായ പി.എസ്. മോഹനൻ, താലൂക്കിലെ ഒൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, റാന്നി തഹസിൽദാർ പി.ഡി. സുരേഷ് കുമാർ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.