തിരുവനന്തപുരം: ശബരിമലയിലെ തിരക്കിൽ കേരളത്തിന് വീണ്ടും തമിഴ്‌നാടിന്റെ കത്ത്. തീർത്ഥാടകർക്ക് മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രറിയാണ് കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസവും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ നിയന്ത്രണങ്ങളുടെ ഭാഗമായി ശബരിമലയിൽ ഇന്ന് തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. സ്‌പോട്ട് ബുക്കിങ് നിർത്തലാക്കിയതും എരുമേലി പേട്ടതുള്ളലിന്റെയും പശ്ചാത്തലത്തിലാണ് സന്നിധാനത്തെ തിരക്ക് കുറഞ്ഞത്.

പമ്പയിലും നിലയ്ക്കലിലും തീർത്ഥാടകരുടെ തിരക്കില്ല. മകരവിളക്ക് തീർത്ഥാടനത്തിനായി നടതുറന്നതിനു ശേഷം ഇതാദ്യമായി നടപ്പന്തൽ കാലിയാണ് ഇന്ന്. മകരവിളക്കിന് വർച്വൽ ക്യൂ പരിമിതപ്പെടുത്തിയെങ്കിലും ശബരിമലയിൽ ഇന്ന് ആരെയും തടയില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരുടെയും പൊലീസിന്റെയും സേവനം ഉറപ്പാക്കാനും ഇന്നുചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.