ന്യൂഡൽഹി: അമേഠിയിൽ സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസൻസ് ചികത്സാപ്പിഴവ് ആരോപിച്ച് യു.പി. സർക്കാർ സസ്‌പെൻഡ് ചെയ്തത് വിവാദത്തിൽ. സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയുടെ ലൈസൻസാണ് ഉത്തർപ്രദേശ് ആരോഗ്യവിഭാഗം സസ്‌പെൻഡ് ചെയ്തത്. 22 വയസുള്ള യുവതിയുടെ മരണകാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികത്സാപ്പിഴവാണെന്ന പരാതിയിലാണ് സർക്കാർ നടപടി. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വയറുവേദനയെത്തുടർന്ന് സെപ്റ്റംബർ 14-നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സെപ്റ്റംബർ 16-ന് ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം യുവതി മരിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ നൽകിയ അനസ്തേഷ്യാ ഓവർ ഡോസാണ് മരണകാരണമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.