കൊച്ചി: ആലുവ പെരിയാർ ജങ്ഷനിൽ കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു. ഒക്കൽ എസ്എൻഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ആലുവ - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് വിദ്യാർത്ഥിനി തെറിച്ചുവീണത്. സ്‌കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ വിദ്യാർത്ഥി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാർ ജങ്ഷനിൽ ബസ് നിർത്തിയതോടെ സ്റ്റെപ്പിൽ നിന്നും പെൺകുട്ടി തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് പുറകിലാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ഉടൻ തന്നെ റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ വിദ്യാർത്ഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.