കോഴിക്കോട്: കോഴിക്കോട് വൻ മോഷണം. ഫറോക്കിൽ വീടുകളുടെ പൂട്ട് തകർത്താണ് വൻ മോഷണം നടന്നത്. രണ്ട് വീടുകളിൽ നിന്നായി 26 പവൻ സ്വർണവും 42,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം. വീടുകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാർ പൂട്ട് തകർത്ത് മോഷണം നടന്നതായി മനസിലാക്കുന്നത്.

ഫറോക്ക് കുറ്റിക്കാട് അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിന്നു 16 പവൻ സ്വർണം മോഷണം പോയി. ഇവർ പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിൽ നിന്നു പത്ത് പവൻ സ്വർണവും 42,000 രൂപയും മോഷണം പോയെന്ന വിവരം ലഭിക്കുന്നത്.

ഇരു വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. ഈ പ്രദേശത്ത് നേരത്തെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി.