ഇടുക്കി: മൂന്നാറിൽ വളർത്തുമൃഗങ്ങളെ അക്രമിച്ചതിനെ തുടർന്ന വനം വകുപ്പ് വെച്ച കെണിയിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിടില്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയുടെ ഇടത് കണ്ണിന് തിമിര ബാധയുള്ളതിനാൽ സ്വാഭാവിക ഇര തേടൽ നടക്കില്ലെന്ന സാഹചര്യത്തിലാണ് തീരുമാനം.കടുവയെ വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കുകയും മൂന്നാറിലെ വനം വകുപ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കാട്ടിലേക്ക് തുറന്ന് വിടാൻ കഴിയാത്ത സാഹചര്യത്തിൽ കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സാധ്യത.

അതേസമയം കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തു മൃഗങ്ങളെ ആക്രമിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.മൂന്ന് ദിവസത്തിനിടെ 10 പശുക്കളെ കൊലപ്പെടുത്തുകയും മൂന്നു പശുക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കടുവയായിരുന്നു ഇത്. കടുവയുടെ ശല്യം രൂക്ഷമായതോടെ മൂന്നു കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ നേമക്കാട് സ്ഥാപിച്ച കൂടിനുള്ളിൽ കടുവ കുടുങ്ങുകയായിരുന്നു.എന്നാൽ പ്രദേശത്ത് കൂടുതൽ കടുവകൾ ഉണ്ടെന്നും അതിനാൽ മതിയായ സുരക്ഷ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.