വർക്കല: സങ്കുചിതമായ ജാതിചിന്ത ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. 168ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗമന പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുവിന്റെ വിശ്വമാനവികത എത്രമാത്രം ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നത് ഇന്നും ചോദ്യമായി നിലനിൽക്കുന്നു. വിഭാഗീയ ചിന്തകൾ അനുവദിക്കാൻ കഴിയുന്നതല്ല. ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയായി എത്തിച്ചത് ജാതി ചിന്തയെ തോൽപിക്കാനും ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജാതി ചിന്തയുടെ പൊളിച്ചെഴുത്താണ് ഇതിലൂടെ ലക്ഷ്യമിട്ടത്. മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്തും പ്രസക്തമാണ്. വിശ്വമാനവികതയുടെ ലോകം എന്ന ആശയത്തെ ഉൾക്കൊള്ളാൻ നമുക്കാവണമെന്നും മന്ത്രി പറഞ്ഞു.

സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ജയന്തി സമ്മേളനത്തിന് മന്തി പി. മുഹമ്മദ് റിയാസ് എത്താത്തതിൽ ശിവഗിരി മഠത്തിന് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതി സമ്മാൻ ജേതാവ് കെ.ജി. ബാബുരാജിനെ ചടങ്ങിൽ ആദരിച്ചു.സ്വാമി സച്ചിദാനന്ദ രചിച്ച 'വിശ്വഗുരു ശ്രീ നാരായണ ഗുരുദേവൻ', 'ശ്രീനാരായണ ഗുരുദേവന്റെ കാവ്യ ലോകം' പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. അഡ്വ. അടൂർ പ്രകാശ് എംപി, അഡ്വ.വി. ജോയി എംഎ‍ൽഎ, നഗരസഭ ചെയർമാൻ കെ.എം. ലാജി, സ്വാമി ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു.