തിരുവനന്തപുരം: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും 17ന് രാവിലെ 11.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായാണ് ആർദ്രകേരളം പുരസ്‌കാരം സമ്മാനിക്കുന്നത്.

സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായി മന്ത്രി വീണ ജോർജ് അറിയച്ചു. തിരുവനന്തപുരം ഏഴ്, കൊല്ലം രണ്ട്, പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം മൂന്ന്, തൃശൂർ മൂന്ന്, പാലക്കാട് ഏഴ്, മലപ്പുറം എട്ട്, കോഴിക്കോട് മൂന്ന്, കണ്ണൂർ ഒന്ന്, കാസർഗോഡ് എട്ട് എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. പുതുതായി 50 എണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിങ് റൂം, ഒബ്‌സർവേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിങ് ഏരിയ, കാത്തിരിപ്പ് മുറികളിൽ രോഗികൾക്ക് നിർദേശങ്ങൾ നൽകുന്നതിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിങ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നതെന്നും മന്ത്രി അറിയിച്ചു.