കണ്ണൂർ: ആർ. എസ്. എസിനെതിരെ സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ സി.പി. ഐ നേതാവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. സിപിഐ നേതാവും ഒന്നാം പിണറായി മന്ത്രിസഭയിൽ കൃഷിമന്ത്രിയുമായിരുന്ന വി എസ് സുനിൽ കുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ആർ എസ് എസ് കേരള പ്രാന്ത സംഘചാലക് കെ. കെ. ബാലറാം നൽകിയ പരാതിയാണ് കോടതി ഫയലിൽ സ്വീകരിച്ചു കുറ്റാരോപിതന്സമൻസയാക്കാൻ ഉത്തരവായത്.

2021 ജനവരി 29 നാണ് സുനിൽ കുമാർ വിവാദ പരാമർശം നടത്തിയത്. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ ' ആർ എസ് എസ്സ് കാപാലികൻ' എന്ന് വിശേഷിപ്പിച്ചായിരുന്നു സുനിൽ കുമാർ പോസ്റ്റിട്ടത്. ഫേസ്‌ബുക്കിൽ നിരവധിപേർ പിന്തുടരുന്ന അകൗണ്ടുള്ള സുനിൽകുമാറിന്റെ ഈ പോസ്റ്റ് ധാരാളം പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആർ എസ് എസ്സിനെ സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കാനാണ് സുനിൽകുമാർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തിയതെന്നാണ് ആർ എസ് എസിന്റെ ആരോപണം.

മുൻപ് സമാന പരാമർശത്തിന് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ പരാമർശമുണ്ടായിരുന്നു. ഗാന്ധിവധത്തിൽ ആർ എസ് എസ്സിന് പങ്കില്ലെന്ന് കോടതി കണ്ടെത്തിയിട്ടും 2014 ൽ ഭീവണ്ടിയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ആർ എസ് എസ്സിനെതിരെ രാഹുൽ നടത്തിയ പരാമർശത്തിലായിരുന്നു സുപ്രീം കോടതി ഇടപെട്ടത്.

സുപ്രീം കോടതിയുടെയും മറ്റു കോടതികളുടെയും വിധിന്യായങ്ങളും വിവാദ പരാമർശങ്ങളും വിശദമായി പരിശോധിച്ച കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് എസ് അമ്പിളിയാണ് ആർ എസ് എസിന്റെ പരാതിയിൽ കഴമ്പുണ്ടെന് കണ്ടതിനെ തുടർന്ന് കുറ്റാരോപിതനായ മുന്മന്ത്രിക്ക് സമൻസയാക്കാൻ ഉത്തരവായത്.

ഈ കേസിൽ പരാതിക്കാരനായകെ കെ ബാലറാമിന്റേത് കൂടാതെ ഭാരതീയ ജനത പാർട്ടി ദേശീയ വൈസ് പ്രസിഡണ്ടും മുൻ എം പി യുമായഎ പി അബ്ദുള്ളക്കുട്ടിയുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. കേസിൽ ആർ എസ് എസിനായി അഡ്വ. എം. ആർ. ഹരീഷ് ഹാജരായി.