കൊച്ചി: ജില്ലയിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്നായി 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഈടാക്കിയത് 84 ലക്ഷം രൂപ. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്ത വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പിഴ ഈടാക്കുന്നത്.

ആരെങ്കിലും മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിന്റെ തെളിവ് വീഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്ന പൊതുജനങ്ങൾക്ക് 2,500 രൂപ പാരിതോഷികം നൽകുന്നുണ്ട്. ജില്ലയിൽ ഇതുവരെ 104 കേസുകൾ വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ നിന്നായി അകെ 7.49ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരിൽനിന്നും ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരിൽനിന്നും 13.60 ലക്ഷം രൂപയുമാണ് ഈടാക്കിയിട്ടുള്ളത്.

മാലിന്യം നിക്ഷേപിക്കുന്നവരെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും കണ്ടെത്തുവാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജില്ലാ ക്യാമ്പയിൻ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലും സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ മേഖലയിൽ മാറ്റം വരുത്തുന്നതിനായി ആറ് മാസമായി വിപുലമായ ക്യാമ്പയിനാണ് തദ്ദേശ സ്വയഭരണ വകുപ്പ്, ശുചിത്വമിഷൻ, നവകേരള മിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി , കില, തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയുള്ള ക്യാമ്പയിൻ സെക്രട്ടേറിയറ്റ് നടത്തുന്നത്.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യം കൃത്യമായി തരംതിരിച്ചു ഹരിതകർമ്മസേനക്ക് കൈമാറാത്തവർക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചു.