ന്യൂഡൽഹി:കേരളാ പൊലീസിലെ വിരമിച്ചതും സർവീസിലുള്ളതുമായ 22 ഉദ്യോഗസ്ഥർക്ക്
ഐപിഎസ് ലഭിച്ചു. ഏറെ വിവാദത്തിലായ പട്ടികയിൽ മൂന്നു മാസത്തിന് ശേഷമാണ് നിയമനം നടന്നിരിക്കുന്നത്. ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി എൻ. അബ്ദുൾ റഷീദും പട്ടികയിൽ ഉൾപ്പെടുന്നു. സമാന രീതിയിൽ നാലു പേരെ കള്ളക്കേസിൽ കുടുക്കിയ ജെ. കിഷോർ കുമാറിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും നിയമനത്തിന് കാത്തിരിക്കണം. ഇദ്ദേഹത്തിന് എതിരേയുള്ള കേസ് തീരുന്ന മുറയ്ക്ക് ഐപിഎസിന് പരിഗണിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

2019 പട്ടികയിൽ നിന്ന് നിയമനം ലഭിച്ചവർ:

കെ.എസ്. ഗോപകുമാർ, പി. ബിജോയ്, ആർ. സുനീഷ് കുമാർ, ബി.കെ. പ്രശാന്തൻ കാണി, കെ.എം. സാബുമാത്യു, കെ.എസ്. സുദർശൻ, ഷാജി സുഗുണൻ, കെ.വി. വിജയൻ.

2020 പട്ടികയിൽ നിന്ന് നിയമിക്കപ്പെട്ടവർ:

വി. അജിത്ത്, എൻ. അബ്ദുൾ റഷീദ്, വി എസ്. അജി, ആർ. ജയശങ്കർ, വി എം. സന്ദീപ്, വി. സുനിൽകുമാർ, കെ.കെ. അജി, എ.എസ്. രാജു (സീനിയർ), കെ.എൽ. ജോൺകുട്ടി, എൻ. രാജേഷ്, റെജി ജേക്കബ്, കെ.ഇ. ബൈജു, ആർ. മഹേഷ്. ജെ. കിഷോർ കുമാർ(പിന്നീട് പരിഗണിക്കും).

ജുലൈ 27 നാണ് ഐപിഎസിന് പരിഗണിക്കുന്നവരുടെ പട്ടിക യുപിഎസ് സി പുറത്തു വിട്ടത്. അതിന് പിന്നാലെ വിവാദം ഉയർന്നു. മാധ്യമ പ്രവർത്തകൻ ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ സിബിഐ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ എൻ. അബ്ദുൾ റഷീദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരേ കോടതിയിൽ ഹർജി പോയി. ഐപിഎസ് നിയമനം നടക്കാത്ത സാഹചര്യത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കോടതി ഹർജി തള്ളിയിരുന്നു.

എങ്കിലും റഷീദിന്റെ നിയമനം പുലിവാലാകുമെന്ന് കരുതി വിജഞാപനം വൈകുകയായിരുന്നു. പിന്നീട് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശ പ്രകാരം എസ്‌പി ബാസ്റ്റിൻ സാബുവിന് വേണ്ടി ഒരു തസ്തിക മാറ്റി വയ്ക്കേണ്ടി വന്നു. അതും ഒഴിവാക്കിയാണ് ഇപ്പോൾ നിയമനം നടത്തിയിരിക്കുന്നത്. 2109 ലെ പട്ടികയിൽ നിന്ന് എട്ടു പേർക്കും 2020 ലെ പട്ടികയിൽ നിന്ന് 14 പേർക്കുമാണ് നിയമനം.