തിരുവനന്തപുരം സംസ്ഥാനത്തെ നദികളിൽ നിന്നു മണൽ വാരിയാൽ പിഴത്തുക 25,000 രൂപയിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുന്ന കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ നിയമസഭ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആയി വർധിപ്പിക്കും.

കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പുവില കലക്ടർക്കു നിശ്ചയിക്കാം. തുടർന്ന് ലേലം ചെയ്ത് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാമെന്നും മന്ത്രി കെ.രാജൻ അവതരിപ്പിച്ച ബില്ലിലുണ്ട്.രണ്ടുവർഷം മുൻപാണ് ഇത് സംബന്ധിച്ച കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചത്.നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണൽ മരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമ്മിതി കേന്ദ്രത്തിനോ കലവറയ്‌ക്കോ വിൽക്കുകയാണു ചെയ്യുന്നത്. അതു ഭേദഗതി ചെയ്ത് കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില കലക്ടർ നിശ്ചയിച്ചു വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലേലത്തിലൂടെ വിൽക്കാൻ കരട് ബിൽ വ്യവസ്ഥ ചെയ്തത്.

ഭാരതപ്പുഴ,പെരിയാർ,ചാലിയാർ,പമ്പ,വാമനപുരം,ചന്ദ്രഗിരി,കരമന, മീനച്ചിൽ,കല്ലട നദികളാണു പുതിയ നിയമത്തിന്റെ പരിധിയിൽ വരുക.എന്നാൽ മണൽ വാരൽ അനുവദിക്കാവുന്ന ഇടങ്ങളിൽ മണൽ വാരുന്നത് പരിസ്ഥിതിക്കു ദോഷമാകുന്നില്ലെന്നും നിയമവിരുദ്ധമായല്ലെന്നും ഉറപ്പാക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗരേഖ നിർദ്ദേശിക്കുന്നത്. മണൽ വാരൽ അനുവദിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള ജില്ലാതല സർവേ റിപ്പോർട്ടിനെ അടിസ്ഥാന രേഖയാക്കണമെന്ന്

ചില പ്രധാന നിർദേശങ്ങൾ:

1 പരിസ്ഥിതിയെ ആവാസ വ്യവസ്ഥയെയോ വളരെക്കുറിച്ചു മാത്രം ബാധിക്കുന്ന പ്രദേശങ്ങളിലാണ് മണൽ വാരൽ അനുവദിക്കാവുന്നത്.

2 ഓരോ പ്രദേശത്തും നദിയുടെ മുക്കാൽ ഭാഗത്തു മാത്രമാണ് മണൽ വാരൽ അനുവദിക്കാവുന്നത്. കാൽഭാഗത്ത് നിരോധനം. മണൽ അടിയുന്ന പ്രദേശം കൃത്യമായി വേർതിരിക്കുക.

3 വിപണിയിൽ ആവശ്യമുള്ള മണലിന്റെ തോത് വിലയിരുത്തണം. അടുത്ത 5 വർഷത്തേക്കുള്ള ആവശ്യവും കണക്കാക്കണം.

4 സാധാരണഗതിയിൽ, ഒലിച്ചുപോകാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ നദിക്കു പുറത്തുള്ള പ്രദേശത്ത് മണൽ വാരൽ അനുവദിക്കാവൂ. ഒലിച്ചുപോകില്ലാത്ത സ്ഥിതിയിൽ, 5 കിലോമീറ്റർ പരിധിയിൽ നദിയിൽനിന്നു മണൽവാരൽ സാധ്യമല്ലെങ്കിൽ, പുറത്തുള്ള പ്രദേശത്തും മണൽ വാരൽ അനുവദിക്കാം. സർക്കാർ പദ്ധതികൾക്കായി വാരുന്ന മണൽ വിപണയിൽ വിൽക്കരുത്.

5 മണൽ കടത്തുന്ന വാഹനങ്ങൾക്കുള്ള പാത മുൻകൂട്ടി തീരുമാനിക്കണം ജനങ്ങൾ പാർക്കുന്ന മേഖലകൾ ഒഴിവാക്കണം.

6 അന്തിമമാക്കുന്നതിന് ഒരു മാസം മുൻപ് ജില്ലാതല സർവേ റിപ്പോർട്ടിന്റെ കരട് പരസ്യപ്പെടുത്തി പൊതുജനാഭിപ്രായം ചോദിക്കണം.

7 മണ്ണൊലിപ്പിനു സാധ്യതയുള്ള പ്രദേശങ്ങളിൽ മണൽ വാരൽ അനുവദിക്കരുത്.വലിയ പാലങ്ങൾക്കും പാതകൾക്കും 1 കിലോമീറ്റർ സമീപംവരെ മണൽവാരലിനു വിലക്ക്. പരമാവധി 3 മീറ്റർ ആഴത്തിൽ മാത്രം മണൽ ഖനനം.

8 മണൽവാരൽ നിരീക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഖനനമേഖല 5 ഹെക്ടർ വരെയെങ്കിൽ ആൻഡ്രോയ്ഡ് അധിഷ്ഠിത സ്മാർട് ഫോൺ ലഭ്യമായിരിക്കണം, 5 ഹെക്ടറിൽ കൂടുതലുള്ള മേഖലയെങ്കിൽ സിസിടിവി ക്യാമറ, കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ വേണം.

അതേസമയം 1964നും 2005നും ഇടയിൽ മിച്ചഭൂമി വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ലാൻഡ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്ന 2021-ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.

1964 ന് മുൻപ് കൈവശം വച്ചതോ അതിന് ശേഷം വിലയ്ക്ക് വാങ്ങിയതോ ആയ മിച്ചഭൂമിയുടെ (4 ഏക്കർ വരെ) ഉടമയെ കുടിയാനായി കണക്കാക്കി ക്രയസർട്ടിഫിക്കറ്റ് നൽകാൻ നേരത്തെ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ലാൻഡ് ട്രിബ്യൂണൽ പുറപ്പെടുവിക്കുന്ന ഉത്തരവ് ചോദ്യം ചെയ്യാൻ നിലവിൽ വ്യവസ്ഥ ഉണ്ടായിരുന്നില്ല. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്.

ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫിസുകൾ ജില്ലാ ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള അബ്കാരിത്തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലും കേരള മോട്ടർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലും അവതരിപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ക്ഷേമനിധിയിലേക്ക് തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം തൊഴിലാളിയുടെ പ്രതിമാസ വേതനത്തിന്റെ 10 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി ഉയർത്താനുള്ളതാണ് ഭേദഗതി. തൊഴിലുടമയുടെ വിഹിതം 10 ശതമാനമായി തുടരും. തൊഴിലുടമ ഗ്രാറ്റുവിറ്റിയായി അടയ്‌ക്കേണ്ട വിഹിതം തൊഴിലാളിയുടെ വേതനത്തിന്റെ 5 ശതമാനമെന്നത് 7 ആയി ഉയർത്താനും ഭേദഗതി നിർദേശിക്കുന്നു. 2 ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.