ന്യൂഡൽഹി: വിമാനത്താവളത്തിൽ, വീൽചെയർ കിട്ടാതെ നടക്കേണ്ടി വന്ന 80 കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡിജിസിഎയുടെ നോട്ടീസ്. വ്യോമയാന ചട്ടലംഘനത്തിന് 7 ദിവസത്തിനകം മറുപടി നൽകണം.

യാത്രാസമയത്ത്് വിമാനത്തിൽ കയറുന്നതിന് മുമ്പോ, ഇറങ്ങിയതിന് ശേഷമോ സഹായം ആവശ്യമുള്ള യാത്രക്കാർക്കെല്ലാം വീൽചെയർ ലഭ്യമാക്കണമെന്ന് എല്ലാ വിമാന കമ്പനികൾക്കും ഡിജിസിഎ നിർദ്ദേശം നൽകി. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും സുഗമമായ യാത്ര ഉറപ്പുവരുത്താൻ ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വ്യോമയാന ചട്ടങ്ങളിൽ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള യാത്രക്കാർക്ക്, യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡിപ്പാർചർ ടെർമിനൽ മുതൽ വിമാനത്തിനകത്ത് എത്തുന്നത് വരെയും, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തുമ്പോൾ വിമാനത്തിനകത്ത് നിന്ന് അറൈവൽ ടെർമിനലിലെ എക്‌സിറ്റ് വരെയും സഹായം നൽകണമെന്നാണ് നിയമം. ഇതിന് ആവശ്യമായ വീൽ ചെയറുകൾ സജ്ജമാക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും നിഷ്‌കർഷിച്ചിട്ടുമുണ്ട്. ഈ ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് വയോധികന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ആരോപണം.

ന്യൂയോർക്കിൽ നിന്ന് ഭാര്യക്കൊപ്പം എത്തിയ 80 കാരനാണ് വീൽചെയർ കിട്ടാതെ നടക്കുകയും ഇമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീഴുകയും ചെയ്തത്.. അദ്ദേഹം തിങ്കളാഴ്ച മരണമടഞ്ഞു. ഇന്ത്യൻ വംശജനായ അമേരിക്കൻ പാസ്‌പോർട്ടുള്ള വ്യക്തിയാണ് മരണമടഞ്ഞത്. 80 കാരനും ഭാര്യയും വീൽചെയറിനായി എയർഇന്ത്യയിൽ ബുക്ക് ചെയ്തിരുന്നു. മുംബൈയിലേക്കുള്ള AI 116 വിമാനത്തിൽ എക്കണോമി ക്ലാസിലാണ് ഈ ഗുജറാത്ത് സ്വദേശികൾ ഞായറാഴ്ച വൈകുന്നേരം യാത്ര ചെയ്തത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.10 നാണ് വിമാനം ലാൻഡ് ചെയ്തത്.

ഈ വിമാനത്തിൽ വീൽചെയറിൽ സഞ്ചരിക്കേണ്ട 32 യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, ആകെ 15 വീൽചെയറകളും സഹായികളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. തിരക്ക് കാരണം വീൽചെയറുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നെന്നും, 80 കാരനോട് കാത്തിരിക്കാൻ അഭ്യർത്ഥിച്ചിരുന്നെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. പിന്നീട് വീൽ ചെയർ എത്തിച്ചപ്പോഴേക്കും, യാത്രക്കാരൻ ഭാര്യക്കൊപ്പം നടക്കാനാണ് തീരുമാനിച്ചത്.

വളരെ ദൗർഭാഗ്യകരമായ സംഭവമെന്നാണ് എയർ ഇന്ത്യ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.