തിരുവനന്തപുരം: ഭിന്നശേഷി കമ്മീഷണർക്ക് എതിരേ പരാതിയുമായി ഭിന്നശേഷിക്കാരി. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചപകേശനെതിരേയാണ് ഭിന്നശേഷിക്കാരി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരിക്കുന്നത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വളരെ മ്ലേഛമായാണ് കമ്മീഷണർ തന്നോടു പെരുമാറിയത് എന്ന് പരാതിയിൽ പറയുന്നു. നിനക്ക് എന്തിന്റെ സൂക്കേട് ആണ് എന്ന് എനിക്ക് അറിയാം എന്നും നിന്റെ ജോലി താൻ തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

കേരള ജ്യൂഡീഷ്യറിയിലെ ഏറ്റവും സത്യസന്ധനായ ഓഫീസർമാരിൽ ഒരാളായിരുന്നു പഞ്ചാപകേശൻ. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളുടെ എല്ലാ വശവും സർക്കാർ അന്വേഷിക്കും. അഴിമതിക്കെതിരെ അതിശക്തമായ നിലപാടുകൾ ശബരിമല കമ്മീഷണറായിരിക്കേ എടുത്ത വ്യക്തിയാണ് പഞ്ചാപകേശൻ. നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത ജഡ്ജിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എതിരെയാണ് ഇത്തര്ച്ചിലുള്ള പരാതി എത്തുന്നത്. അതുകൊണ്ട് തന്നെ ഈ ആരോപണം എല്ലാ കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിലെ ഭാഗങ്ങളാണ് പഞ്ചാപകേശനൻ ഉദ്ദരിച്ചതെന്നും വാദം ശക്തമാണ്.

രണ്ട് സ്റ്റാഫുകളുടെ മുന്നിൽ വെച്ച് നീ 20 വയസ്സുള്ള പെൺകുട്ടിയാണ് എന്ന് കരുതിയാണ് സഹായിച്ചത് എന്നും അഞ്ചും ആറും കെട്ടിയവളല്ലെ നീ എന്നും കമ്മീഷണർ ചോദിച്ചു. ഭിന്നേശേഷിക്കാർക്ക് ആർക്ക് ഒക്കെ സഹായം നൽകണം എന്ന് എനിക്ക് അറിയാം. ആറ് കെട്ടിയവൾ നിന്റെ അസുഖം എനിക്ക് അറിയാം, നിന്നെ ജോലിയിൽ തുടരാൻ ഞാൻ അനുവദിക്കുകയില്ല, നിനക്ക് ജോലി ഇല്ലെങ്കിലും ജീവിക്കാൻ അറിയാം കാണാനും കുഴപ്പമില്ലല്ലോ. ഓഫീസിൽ നിന്നും ഇറങ്ങിപോടീ എന്നും കമ്മീഷണർ പറഞ്ഞതായി പരാതിക്കാരി ആരോപിക്കുന്നു.

ഭിന്നശേഷി കമ്മീഷണറുടെ തെറിവിളികേട്ട് മുറിയിക്ക് പുറത്തെക്ക് ഇറങ്ങിയ തന്നെ ആ ഓഫീസിലെ മുതിർന്ന സ്റ്റാഫ് ആശ്വസിപ്പിക്കുകയും കമ്മീഷണർ സ്ഥാപനത്തിലെ സ്ത്രീകളോടും ഇങ്ങനെയാണ് പെരുമാറുന്നത് എന്നും മുൻപ് ഉണ്ടായിരുന്ന സ്ത്രീകളോടും പെരുമാറ്റം ഇങ്ങനെയായിരുന്നു. താല്ക്കാലിക ജീവനക്കാർ ആയതിനാൽ ജോലി നഷ്ടപ്പെടും എന്ന് കരുതിയാണ് പലരും പ്രതികരിക്കാത്തത് എന്ന് ആ ജീവനക്കാരൻ തന്നോട് പറഞ്ഞതായും പരാതിയിൽ പറയുന്നു.

തന്റെ ഭർതൃവീട്ടുകാരുമായുള്ള കേസിൽ പൊലീസിൽ നിന്നും തനിക്ക് ഭിന്നശേഷിക്കാരി എന്ന രീതിയിൽ സഹായം ലഭിച്ചില്ല. താൻ നൽകിയ കേസിൽ ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ചു എന്നുള്ള വകുപ്പ് എടുത്തില്ല എന്ന പരാതിയുമായാണ്ണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചപകേശന് പരാതി നൽകിയത്. പരാതി പരിഗണിച്ച കമ്മിഷണർ ചെങ്ങന്നൂർ ഡി.വൈ.എസ്‌പി ക്ക് കേസ് പുനരന്വേഷിക്കാൻ നിർദ്ദേശം നൽകി. എന്നാൽ തുടർന്ന് കേസുമായി ബന്ധപ്പെട്ടു നടന്ന ഹിയറിഗിലാണ് പഞ്ചപകേശൻ തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് പരാതിക്കാരി ആരോപിക്കുന്നു.

ആരോഗ്യവകുപ്പിൽ ഉദ്ദ്യോഗസ്ഥയായ അവർ ആലപ്പുഴക്കാരനെ 2021 സെപ്റ്റംബറിലാണ് വിവാഹം ചെയ്തത്. രണ്ട് പേരുടെയും പുനർവിവാഹം ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന തന്റെ വീടും സ്ഥലവും വിൽക്കുകയും. തിരുവനന്തപുരത്ത് നിന്നും തന്റെ ജോലി സ്ഥലംമാറ്റം വാങ്ങി ആലപ്പുഴ ജില്ലയിലേക്ക് പോവുകയും ചെയ്തു. സ്ഥലംമാറ്റം വാങ്ങിയതിനാൽ തന്റെ സർവ്വീസിലെ സീനിയോറിറ്റി നഷ്ടപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഭർത്താവ് ഗൾഫിലേക്ക് തിരിച്ചു പോയി. ഭർത്താവിന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും ഈ വിവാഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പരാതിക്കാരി ആരോപിക്കുന്നു. ഭർത്താവിന്റെ പ്രായമായ അമ്മയുടെ കുത്തുവാക്കുകൾ കേട്ട് വിഷമിക്കുകയും ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി താമസിക്കുവാൻ അനുവാദം വേണം എന്ന് ഭർത്താവിനെ അറിയിക്കുകയും ചെയ്തു.

എന്നാൽ ഭർത്താവ് ഇത് അറിഞ്ഞ് തന്റെ ബന്ധുക്കളെ വിളിച്ച്  വീട്ടിൽ നിന്നും ഇറക്കി വിടാൻ ആവിശ്യപ്പെട്ടു. രാത്രിയിൽ ഭർത്താവിന്റെ ബന്ധുവും കണ്ണമംഗലം പഞ്ചായത്തിലെ ബിജെപി മെമ്പറുമായ സ്ത്രീയും കുറേ ആളുകളും ചേർന്ന്  രാത്രി അജയകുമാറിന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഇതിനെ തുടർന്നാണ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ ഭിന്നശേഷിക്കാരിക്ക് ലഭിക്കേണ്ട നീതി സ്റ്റേഷനിൽ നിന്ന് ലഭിച്ചില്ല എന്നാരോപിച്ചാണ് അവർ ഭിന്നശേഷി കമ്മീഷണർക്ക് പരാതി നൽകിയത്.

പരാതി ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചപകേശൻ പരിഗണിച്ച് ആദ്യം ചെങ്ങന്നൂർ ഡി.വൈ.എസ്‌പിക്ക് കേസിൽ പുനരന്വേഷണം നടത്താൻ നിർദ്ദേശം നൽകി എങ്കിലും തുടർന്ന് വളരെ മോശമായ പെരുമാറ്റമാണ് കമ്മീഷണറിൽ നിന്നും തനിക്ക് നേരിട്ടത് എന്ന് അവർ പരാതിയിൽ പറയുന്നു.