കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം അകാല ചരമത്തിലേക്ക് നീങ്ങുകയാണ്. വാഹനം ഇനി നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് മോട്ടോര്‍ വകുപ്പ് അറിയിച്ചു. ാഹനം നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.

മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനമാണ് ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. സീറ്റ് ബെല്‍റ്റിടാതെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ച ആകാശ് തില്ലങ്കേരി വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ഇതേ വാഹനത്തിന് നേരത്തെ മൂന്ന് തവണ കേരള മോട്ടോര്‍ വകുപ്പ് പിഴയിട്ടിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ലേലത്തില്‍ വാങ്ങിയ വാഹനമാണ് ഇത്.

വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു, ഇത് സുരക്ഷാ ഭീഷണിയാണ്, ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റിയതിനെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനും അടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ നടപടികളെ കുറിച്ച് അറിയിച്ചത്.

മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ പോലീസും കേസെടുത്തിരുന്നു. 9 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാന്‍. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്.

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസന്‍സ് വിവരങ്ങള്‍ കണ്ണൂര്‍ ആര്‍ടിഒയില്‍ നിന്ന് തേടിയിരുന്നു. ആകാശിന്റെ ലൈസന്‍സ് വിവരങ്ങള്‍ ലഭിച്ചാല്‍ ലൈസന്‍സ് ഇല്ലെന്ന കുറ്റം ഒഴിവാക്കാനുമാണ് നിര്‌ദേശിച്ചത്. വാഹനത്തെ നേരത്തെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

വാഹനം അടിമുടി വ്യാജനെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണ്. ആര്‍.സി. പ്രകാരം മഹീന്ദ്രയുടെ 2002 മോഡല്‍ ജീപ്പായിരുന്നു ഇത്. കരസേനയ്ക്കുവേണ്ടി ഓടിയിരുന്ന വാഹനം 2017-ല്‍ ലേലംചെയ്യുകയായിരുന്നു. 2017-ല്‍ വാഹനം പഞ്ചാബില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 2018-ല്‍ മലപ്പുറത്ത് റീ രജിസ്റ്റര്‍ ചെയ്തു.