തിരുവനന്തപുരം: നടീനടന്മാരുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിന് എതിരെ പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിന് എതിരെ അഖില്‍ മാരാര്‍. രേവതി സമ്പത്തില്‍ നിന്നും നടന്‍ ഷിജുവിനുണ്ടായ അനുഭവമെന്ന് പറഞ്ഞാണ് അഖില്‍ മാരാരുടെ വീഡിയോ. 2021ല്‍ നടന്‍ ഷിജു ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ക്കെതിരെ പീഡന പരാതിയുമായി എത്തിയ ആളാണ് രേവതി സമ്പത്തെന്നും പരാതിയുടെ യാഥാര്‍ഥ്യമറിയാതെ ഷിജു അടക്കമുള്ളവരെ കരിവാരിത്തേക്കുന്ന നിലയിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതെന്നും അഖില്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.

രേവതി സമ്പത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കാന്‍ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്‌നവിഡിയോ പകര്‍ത്തിയതിന്റെ പേരില്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടയാളാണെന്നും, മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് അടക്കം മുടക്കിച്ച വ്യക്തിയാണെന്നും മാരാര്‍ ആരോപിക്കുന്നു.

വളരെ ഗുരുതരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഇപ്പോള്‍ ലൈവില്‍ വരാന്‍ എന്നെ പ്രേരിപ്പിച്ചത് ബിഗ്‌ബോസില്‍ എനിക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഷിജു ചേട്ടനുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ്. മലയാള സിനിമയിലെന്നല്ല ഏത് മേഖലയിലായാലും ഒരു പുരുഷന്‍ തന്റെ അധികാരത്തിന്റെയോ സ്വാധീനത്തിന്റെയോ കരുത്ത് ഉപയോഗിച്ച് ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ നൂറ് ശതമാനം ആ പെണ്‍കുട്ടിക്കൊപ്പം നിന്ന്, ആ ചെയ്യുന്നവരെ ഏതൊക്കെ രീതിയില്‍ നമുക്ക് തിരിച്ച് ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ ഞാനും ഒപ്പമുണ്ടാകും. ഹേമ കമ്മിഷന്‍ വിഷയവുമായി ബന്ധപ്പെട്ട് കത്തിപ്പടരുന്ന വാര്‍ത്തയാണ് നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഉന്നയിച്ച ഒരു പരാതി.

2021ലാണ് ഇവര്‍ ഈ പരാതി ആദ്യമായി ഉന്നയിക്കുന്നത്. ഞാന്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഷിജു ചേട്ടനെ വിളിച്ചതെന്നും പറയാം. കാരണം 2021ല്‍ ഇവര്‍ ഈ പരാതി ഉന്നയിച്ച സമയത്ത് തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞുവന്ന പേരുകളില്‍ ഒരാള്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തും നല്ല മനുഷ്യനുമായ ഷിജു ചേട്ടന്റെ പേരായിരുന്നു.എന്താണ് യാഥാര്‍ഥ്യം എന്നറിയാന്‍ വേണ്ടിയാണ് ഷിജു ചേട്ടനെ വിളിച്ച് സംസാരിച്ചത്. സത്യത്തില്‍ വലിയ ഞെട്ടലാണ് ആ സംഭാഷണത്തിനു ശേഷം എനിക്കുണ്ടായത്. അതുകൊണ്ടാണ് ലൈവില്‍ വന്ന് ജനങ്ങളോട് ഇത് പറയണം എന്നു വിചാരിച്ചത്. നിങ്ങളോരൊരുത്തരും ചിന്തിച്ചു നോക്കൂ, ഈ മാദ്ധ്യമങ്ങള്‍ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്ന പീഡന വാര്‍ത്തകളില്‍ എന്താണ് നടക്കുന്നത്. ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത വന്നാല്‍ കേരളത്തിലെ 99 ശതമാനം ആളുകളും ഒരു സ്ത്രീയെ പുരുഷന്‍ ശാരീരികമായി ഉപദ്രവിച്ചു എന്നും എഴുപത് ശതമാനം പേര്‍ വിശ്വസിക്കുന്നത് ലൈംഗിക പീഡനം നടന്നു എന്നുമാണ്.

കുറച്ചുകൂടി മനസ്സിലാക്കാന്‍ പറ്റുന്ന ആളുകള്‍ വിചാരിക്കും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു, അതിന്റെ അടിസ്ഥാനത്തിലാണെന്ന്. പീഡനം എന്നു വാര്‍ത്ത കൊടുക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരോടാണ് പറയുന്നത്, നിങ്ങള്‍ കൃത്യമായി വാര്‍ത്ത കൊടുക്കണം. ഒരു മനുഷ്യന്റെ ജീവിതം വിറ്റുകാശാക്കരുത്, അത് ആണായാലും പെണ്ണായാലും. ഇനി വിഷയത്തിലേക്കു വരാം. 2021ല്‍ രേവതി സമ്പത്ത് തന്നെ ചില ആളുകള്‍ പീഡിപ്പിച്ചു എന്നു പറഞ്ഞ് പന്ത്രണ്ടോളം പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു പുറത്തുവിട്ടതിനുശേഷം മൂന്ന് ദിവസം ഇവര്‍ നിശബ്ദയായി തുടര്‍ന്നു. ഈ പെണ്‍കുട്ടി മൂന്ന് ദിവസം മിണ്ടാതിരുന്നപ്പോള്‍ സംഭവിച്ചത് ഈ പന്ത്രണ്ട് പേരില്‍ ഒരാളുടെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നതാണ്. ഷിജു ചേട്ടന്റെ വീട്ടിലും മാനസിക പ്രശ്‌നങ്ങളുണ്ടായി. ഷിജു ചേട്ടനൊരു മകളുണ്ട്, അവരുടെ മാനസിക അവസ്ഥ ആലോചിക്കണം. മൂന്ന് ദിവസത്തിനുശേഷം ഇവര്‍ പറയുന്നു, ഇവരെ റേപ്പ് ചെയ്തതല്ലെന്ന്. ഈ സംഭവത്തെക്കുറിച്ച് ഷിജു ചേട്ടന്‍ പറയുന്നത്, ഭുവനേശ്വറില്‍ ഒരു ചെറിയ സിനിമയുടെ ഷൂട്ട് നടക്കുന്നു. താരങ്ങള്‍ ഉള്‍പ്പടെ താമസിക്കുന്നത് ചെറിയ സെറ്റപ്പിലുള്ള ലോഡ്ജ്. ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യാനാണ് രേവതി സമ്പത്ത് അവിടെ വരുന്നത്.

സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ ആണ്. രേവതി വന്ന ദിവസം മുതല്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഹിന്ദി നടന്‍ കുല്‍ക്കര്‍ണി മാത്രമാണ് അവിടെ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നത്. അതേ ഹോട്ടലില്‍ തന്നെ ഇവര്‍ക്കും താമസിക്കണം എന്നു പറഞ്ഞ് ഷൂട്ട് മുടക്കത്തക്ക രീതിയില്‍ ബുദ്ധിമുട്ടിച്ചു.ഒരു സീനിയര്‍ നടന്‍ എന്ന നിലയില്‍ താന്‍ പോയി ഇവരോട് സംസാരിക്കാം എന്ന് ഷിജു ചേട്ടന്‍ വിചാരിച്ചു. അങ്ങനെ എല്ലാവരും കൂടെ ഇരുന്ന സമയത്ത് ഷിജു ചേട്ടന്‍ ഇവരോട് കാര്യങ്ങള്‍ പറഞ്ഞു. അതെല്ലാം കേട്ടുകഴിഞ്ഞതിനുശേഷം ഷിജു ചേട്ടനോട് തിരിച്ച് ഇയാള്‍ ആരാണ് ഇതൊക്കെ പറയാന്‍ എന്നു രേവതി തിരിച്ചു ചോദിച്ചു. അദ്ദേഹത്തെ അപമാനിച്ചു എന്ന തോന്നല്‍ വന്നതുകൊണ്ട് ക്ഷുഭിതനായി ഗെറ്റ് ഔട്ട് പറയുകയും അതിനൊപ്പം ഒരു മോശം വാക്ക് പ്രയോഗിക്കുകയും ചെയ്തു. സീനിയര്‍ ആക്ടര്‍ ആയ നടനെ വളരെ മോശമായ രീതിയില്‍ പ്രതികരിച്ചപ്പോള്‍ സ്വാഭാവിക രീതിയില്‍ അദ്ദേഹവും തിരിച്ചു പറഞ്ഞു. ഇതാണ് ഷിജു ചേട്ടന്‍ നടത്തിയ ആദ്യ 'പീഡനം'.

ഇനി രണ്ടാമത്തെ 'പീഡനം' പറയാം. ഈ സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച്‌റിവര്‍, ഷിജു ചേട്ടന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ദേഷ്യപ്പെടുമ്പോള്‍ തെറി വിളിക്കുന്ന ഒരാളാണ്. അങ്ങനെ അദ്ദേഹത്തിനെതിരെയും പീഡനം. ഒരുദിവസം സെറ്റില്‍ ഷിജു ചേട്ടന്‍ റൂമില്‍ നിന്നും ഇറങ്ങി വരുന്ന സമയത്ത് രേവതി കരഞ്ഞുകൊണ്ടിരിക്കുന്നു. ഷിജു ചേട്ടന്‍ അത് ശ്രദ്ധിച്ചില്ല, നടന്നുപോയി. ഇത് രണ്ടാമത്തെ പീഡനം. ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ചോദിച്ചില്ല എന്നതാണ് രണ്ടാമത്തെ പീഡനം. ഇത് എന്താണെന്ന് ഒരൊറ്റ മാദ്ധ്യമങ്ങളും കൃത്യമായി ആരും അന്വേഷിച്ചിട്ടില്ല. ഇവര്‍ ഫേസ്ബുക്കിലൊരു പോസ്റ്റ് ഇടുന്നു. പന്ത്രണ്ട് പേര്‍ ഇവരെ പീഡിപ്പിച്ചു എന്നു പറഞ്ഞ് ലിസ്റ്റ് കൊടുക്കുന്നു. ഈ പന്ത്രണ്ട് പേര്‍ പല ഘട്ടങ്ങളിലായി പല രീതിയില്‍ ഇവരെ മാനസികമായോ വാക്കുകളായോ ഉപദ്രവിച്ചതാണോ ഇല്ലയോ എന്ന് മനസ്സിലാക്കാതെ പീഡിപ്പിച്ചു എന്നുപറഞ്ഞ് വാര്‍ത്ത കൊടുത്ത സമയത്ത് ഇതൊന്നും അന്വേഷിക്കാതെ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ തോന്നിയ രീതിയില്‍ എഴുതിവിടുന്നു.

യഥാര്‍ഥത്തില്‍ കേരളത്തില്‍ വലിയ രീതിയില്‍ ശാരീരിക ഉപദ്രവം ഏല്‍ക്കുന്ന പെണ്‍കുട്ടിക്കു പോലും ഇത്തരക്കാര്‍ വലിയ ദ്രോഹമാണ് ചെയ്യുന്നത്. എന്താണ് പീഡനം എന്നത് മാദ്ധ്യമങ്ങള്‍ പറയുന്നില്ല. ഒരാള്‍ തെറിവിളിച്ചത് വരെ ഇവിടെ പീഡനമാണ്. കേള്‍ക്കുന്ന ആളുകള്‍ എന്താണ് ചിന്തിക്കുന്നത്. ഞാന്‍ പുരുഷനു വേണ്ടിയല്ല പറയുന്നത്. കേള്‍ക്കുന്ന സ്ത്രീകള്‍ ആലോചിക്കുക, നിങ്ങള്‍ക്കും ഭര്‍ത്താവും അച്ഛനും സഹോദരനുമുണ്ട്. അവര്‍ക്കൊരു ജീവിതം ഉണ്ട്.ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം, രേവതി സമ്പത്ത് എന്നു പറയുന്ന ഈ നടി ചൈനയില്‍ എംബിബിഎസ് പഠിക്കാന്‍ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്‌നവിഡിയോ പകര്‍ത്തിയതിന്റെ പേരില്‍ ഇവരെ ആ കോളജില്‍ നിന്നു പുറത്താക്കിയതാണ്. ഇതൊക്കെ 2021ല്‍ വന്ന കാര്യങ്ങളാണ്.

സിദ്ദിഖിന്റെ ഭാഗത്തുനിന്നും ശാരീരിക ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 'അമ്മ'യില്‍ നിന്നു മാറുക മാത്രമല്ല ജയിലില്‍ പോയി കിടക്കണം. പക്ഷേ ഇതിന്റെ യാഥാര്‍ഥ്യം കൂടി മനസിലാക്കണം. സഹപാഠിയുടെ നഗ്‌നദൃശ്യം പകര്‍ത്തിയതിന്റെ പേരില്‍ കോളജില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു നടി വന്നിരുന്നാണ് ഇത് പറയുന്നതെന്നും ആലോചിക്കുക. പീഡനം, പീഡനം എന്നാരോപിക്കുമ്പോള്‍ അത് നേരിടുന്ന പുരുഷനും ഒരു ജീവിതമുണ്ടെന്ന് മനസ്സിലാക്കുക. ഇവര്‍ ആരോപണം ഉന്നയിച്ച ചെറുപ്പക്കാരന്റെ ഭാര്യ ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയുന്നതിനു മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്ത് തെമ്മാടിത്തരമാണ് ഇത്തരക്കാര്‍ കാട്ടിക്കൂട്ടുന്നത്.

ഒരു പെണ്‍കുട്ടിക്ക് നീതി കേരളത്തില്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ ആരാണ് തടസ്സം നില്‍ക്കുന്നത്. ഇവിടെ ഗവണ്‍മെന്റ് ഉണ്ട്, നിയമ സംവിധാനങ്ങളുണ്ട്. നിയമസംവിധാനങ്ങളുടെ പുറകെ ഇത് പറഞ്ഞുകഴിഞ്ഞാല്‍ സിനിമയില്‍ നിന്നും ഞങ്ങളെ മാറ്റി നിര്‍ത്തും എന്നു പറഞ്ഞ് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ നടക്കരുത്. മലയാള സിനിമ ശുദ്ധമാണെന്നോ നല്ലതാണെന്നോ അല്ല പറയുന്നത്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളും സമീപനങ്ങളും ഉണ്ടായിട്ടുള്ള മേഖലയാണ് മലയാള സിനിമ. അവര്‍ നിയമനടപടിയുമായി മുന്നോട്ടുപോകുക. ആ പരാതി സ്വീകരിക്കാന്‍ ഗവണ്‍മെന്റും തയാറാകുക. മാദ്ധ്യമങ്ങള്‍ക്ക് അല്‍പം മാന്യതായാകാം. മനുഷ്യനാണെന്ന പരിഗണ പുരുഷന്മാര്‍ക്കു കൊടുക്കാം.'