കണ്ണൂർ: ആഭ്യന്തര കലാപം അതിരൂക്ഷമായ സുഡാനിൽ വെടിയേറ്റുമരിച്ച വിമുക്തഭടൻ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ജന്മനാടായ ആലക്കോട്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജന്മനാടിന്റെ തണലിലേക്ക് എത്തിയത്.

വ്യാഴാഴ്‌ച്ച രാവിലെ പത്തുമണിയോടെ ആൽബർട്ടിന്റെ ഭാര്യയും മകളും കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിനു ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ഇതേ സമയം വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ എംബസി തലത്തിൽ പുരോഗമിക്കുകയാണ്.സുഡാനിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ആൽബർട്ടിന്റെ പിതാവുമായി സംസാരിച്ചിട്ടുണ്ട്.

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും ഒഴിപ്പിച്ച 360 അംഗ സംഘം ഇന്ത്യയിലെത്തിയിരുന്നു.ഇതിൽ പത്തൊമ്പതു പേർ മലയാളികളാണ്. ഡൽഹിയിലെത്തിയ മലയാളികളുടെ ആദ്യസംഘവും നെടുമ്പാശേരിയിലെത്തിയിരുന്നു. വിമുക്ത ഭടനായ ആൽബർട്ട് അഗസ്റ്റിൻ(48) കഴിഞ്ഞ ആറുമാസമായി ഒരു കമ്പിനിയുടെ സെക്യൂരിറ്റി മാനേജരായി സുഡാനിൽ ജോലി ചെയ്തുവരികയായിരുന്നു.മകന് ഫോൺ ചെയ്യുന്നതിനിടെ ആൽബർട്ടിന് താമസിക്കുന്ന ഫ്ളാറ്റിന്റെ ജനാലയിലൂടെയാണ് വെടിയേറ്റത്.

അതിനു രണ്ടാഴ്‌ച്ച മുൻപ് സുഡാനിലെത്തിയ ഭാര്യ സെബല്ലയും മകൾ മരീറ്റയുമൊന്നിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. ആൽബർട്ടിന്റെ മകൻ ഓസ്റ്റിൻ കാനഡയിലാണ്. സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആകെ ആയിരത്തി ഒരുനൂറ് പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. കെ.സുധാകരൻ എംപി ഉൾപ്പെടെയുള്ളവർ ആൽബർട്ടിന്റെ വീട് സന്ദർശിച്ചുവിവരങ്ങൾ അന്വേഷിച്ചിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ഫ്ളാറ്റിൽ നിന്നും മൃതദേഹം മാറ്റാൻ കഴിഞ്ഞതെന്നു ഭാര്യയും മകളും വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.ഭക്ഷണവും വെള്ളവും കിട്ടാതെ അതീവപ്രതിസന്ധിയിലായിരുന്നു ഇവർ. ദുരിതങ്ങളുടെയും സഹനത്തിന്റെയും കടൽ നീന്തിക്കടന്നാണ് ആൽബർട്ടില്ലാതെ ഉറ്റബന്ധുക്കൾ നാടിന്റെ സുരക്ഷിതത്വത്തിലെത്തി ചേർന്നത്.