ആലപ്പുഴ: പഠനത്തിനിടെ കുടുംബത്തിന് കൈത്താങ്ങാകാൻ ഓട്ടോ ഓടിക്കുന്ന വിദ്യാർത്ഥിനിയെ കൃപാസനം പള്ളിക്ക് മുന്നിൽ സർവ്വീസ് നടത്താൻ അനുവദിക്കാതെ വിരട്ടി ഓടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് പോയി. ഓട്ടോ ഡ്രൈവർ ബിപിന്റെ ലൈസൻസാണ് ആലപ്പുഴ ആർ.ടി.ഒ സജിപ്രസാദ് സസ്പെൻഡ് ചെയ്തത്. അനീഷ്യയുടെ ഓട്ടോ കൃപാസനത്തിന് മുന്നിൽ ഓടുന്നതിനു തടസ്സമുണ്ടാക്കരുതെന്നും ആർ.ടി.ഓ നിർദ്ദേശിച്ചു. ഓട്ടോ ഓടിക്കാൻ ആരും തടസ്സമാകില്ലെന്നും എന്ത് കാര്യത്തിനും ഒപ്പമുണ്ട് എന്ന പിന്തുണയുമായി മോട്ടോർ വാഹനവകുപ്പിന് പിന്നാലെ ജനപ്രതിനിധികളും ഓട്ടോ ഡ്രൈവർമാരും രംഗത്തെത്തുകയും ചെയ്തു.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് കലവൂർ കൃപാസനം പള്ളിക്ക് മുന്നിൽ ബിരുദ വിദ്യാർത്ഥിനിയായ വളവനാട് നന്ദനം വീട്ടിൽ അനീഷ്യ സുനിലി(20)നെ ഓട്ടം പോകാൻ അനുവദിക്കാതെ ചില ഓട്ടോറിക്ഷ ഡ്രൈവർമാർ തടയുന്നത്. അനീഷ്യയുടെ ഓട്ടോ ടാക്‌സിയിൽ കയറിയ യാത്രക്കാരെ അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ വിളിച്ചിറക്കി തന്റെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. ഇത് സംബന്ധിച്ച് പരാതി മോട്ടോർ വാഹന വകുപ്പിന് നൽകിയതിനെ തുടർന്ന് ഓട്ടോ റിക്ഷാ തൊഴിലാളികളെ ഉദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു.

എന്നാൽ അടുത്ത ദിവസം അനീഷ്യ ഓട്ടോയുമായി ഇവിടെ എത്തിയെങ്കിലും മറ്റ് ഓട്ടോറിക്ഷകൾ ചുറ്റിലും പാർക്ക് ചെയ്ത് തടസമുണ്ടാക്കി. ഇതോടെ ഓട്ടോറിക്ഷാക്കാരുടെ ഗുണ്ടായിസത്തെപറ്റി അനീഷ്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കു വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ അനീഷ്യയുടെ ദുരിതം വാർത്തയാക്കിയിരുന്നു. പിന്നീടാണ് ജനപ്രതിനിധികളും തൊഴിലാളി നേതാക്കളും പെൺകുട്ടിക്ക് പിൻതുണയുമായി എത്തുന്നത്.

'അച്ഛന്റെ ചികിത്സയ്ക്കും എന്റെ പഠനത്തിനും പണം കണ്ടെത്താനായാണ് ഓട്ടോ ടാക്‌സിയുമായി റോഡിലേക്കിറങ്ങിയത്. പക്ഷേ എന്റെ ഓട്ടോ അവിടെ ഓടിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ഒരു കൂട്ടം ഓട്ടോച്ചേട്ടന്മാർ. ജോലിക്കിടെയുണ്ടായ അപകടത്തിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായ അച്ഛൻ സുനിലിന്റെ ഇരുകൈകളുടേയും ഞരമ്പു മുറിഞ്ഞു പോയി. ജോലിക്കുപോകാൻ പറ്റാത്ത അവസ്ഥ. കുടുംബം പോറ്റാനാണ് ഓട്ടോറിക്ഷ വാങ്ങിയത്. എന്നാൽ കൈകളുടെ ബലക്ഷയം മൂലം സുനിലിന് ഓട്ടോ ഓടിക്കാനുമായില്ല. ദേശീയപാത വികസനം വന്നതോടെ അമ്മ രാജേശ്വരിയുടെ കഞ്ഞിക്കടയും ഇല്ലാതായി. ഇതോടെയാണ് കുടുംബം പോറ്റാൻ പഠനത്തിനൊപ്പം ഓട്ടോ ടാക്‌സിയുമായി ഇറങ്ങിയത്.'; അനീഷ്യ പറഞ്ഞു.

ആലപ്പുഴ എസ്.ഡി കോളേജിലെ അവസാന വർഷ ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് അനീഷ്യാ സുനിൽ. തനിക്ക് നേരിട്ട ദുരനുഭവം ഇനി മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് പരാതിയുമായി മുന്നോട്ട് പോയതെന്ന് അനീഷ്യ പറഞ്ഞു. പരാതി ലഭിച്ചയുടൻ തന്നെ ആലപ്പുഴ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നീതിപൂർവ്വമായ ഇടപെടലാണ് നടത്തിയതെന്നും ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നുവെന്നും അനീഷ്യ മറുനാടനോട് പറഞ്ഞു.

അതേ സമയം സ്ഥിരമായുള്ളവരെ അറിയിക്കാതെ പുതിയ ആൾ ഓടിയതാണ് വിഷയമായതെന്ന് ഓട്ടോറിക്ഷക്കാർ പറയുന്നു. മുൻകൂട്ടി പറയാതെ സ്റ്റാൻഡിൽ നിന്ന് ഓട്ടം പോയതിലെ ചില പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും അനീഷ്യക്ക് ഓട്ടം പോകുന്നതിന് തടസമില്ലെന്നും സിഐടിയു കൺവീനർ സണ്ണി വർഗീസ് പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾ ഇന്നലെ അനീഷ്യയുടെ വീട്ടിലെത്തിയിരുന്നു.

പഞ്ചായത്ത് അംഗങ്ങളായ ടി.പി.ഷാജി, എൻ.എസ്.ശാരിമോൾ, ജാസ്മിൻ ബിജു, മായ ദേവി എന്നിവരാണ് സന്ദർശിച്ചത്. ഓട്ടം പോകുന്നതിന് തടസമുണ്ടാവില്ലെന്ന് അവർ ഉറപ്പു നൽകി. തുടർന്ന് ഇന്നലെ മുതൽ അനീഷ്യ വീണ്ടും ഓട്ടം തുടങ്ങുകയും ചെയ്തു.