ആലപ്പുഴ: ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളീയത്തിന്റെ പേരിൽ പണം ധൂർത്തടിക്കുന്ന വേളയിലാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വന്നത്. നെൽകർഷകർക്ക് വായ്‌പ്പയായി പണം ലഭ്യമാക്കിയ നടപടി അടക്കം വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് പ്രസാദ് എന്ന കർഷകൻ ജീവനൊടുക്കേണ്ടി വന്നത്. സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു.

കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിനു വേണ്ടിയും വൻതുക ചെലവഴിക്കുന്നു. പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയിൽ ഗവർണർ എത്തും. തുടർന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദർശിക്കും.

കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ഇന്നു പുലർച്ചെയാണ് മരിച്ചത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയിൽ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചു.

താൻ പരാജയപ്പെട്ടുപോയ കർഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നുണ്ട്. തന്റെ മരണത്തിന്റെ കാരണം കേരള സർക്കാരും ബാങ്കുകളുമാണെന്ന് ചൂണ്ടിക്കാട്ടി കെ.ജി.പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തു വന്നിരുന്നു. 'ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

''എന്റെ മരണത്തിന് കാരണം കേരള സർക്കാരും ബാങ്കുകളുമാണ്. 2011ൽ കൃഷി ആവശ്യത്തിനായി ബാങ്ക് വായ്പ എടുത്ത് കുടിശികയായി. പലപ്രാവശ്യമായി 20,000 രൂപ തിരിച്ചടച്ചു. 2020ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും കഴിച്ചുള്ള തുക തിരിച്ചടയ്ക്കുകയും ചെയ്തു. അതിനുശേഷം ഒരു ബാങ്കുകാരും എനിക്ക് കൃഷിവായ്പ തന്നില്ല. അതിന് ബാങ്കുകാർ പറയുന്ന ന്യായം എന്റെ സിബിൽ സ്‌കോർ പിആർഎസ് ലോൺ എന്നാണ് കാണിക്കുന്നത് എന്നാണ്. പ്രസാദിന്റെ ആത്മഹത്യാ കുറിപ്പ്.

ഞാൻ എന്റെ നെല്ലു കൊടുത്തതിന്റെ വിലയായാണ് പിആർഎസ് ലോൺ എടുത്തത്. പലിശ സഹിതം കൊടുത്തു തീർക്കേണ്ട ബാധ്യത സർക്കാരിനാണ്. ആയതിനാൽ എന്റെ മരണത്തിന് ഉത്തരവാദിത്തം സർക്കാരിനാണ്.'' പ്രസാദ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

അതേസമയം ഒരു കർഷകനും പിആർഎസ് വായ്പയുടെ പേരിൽ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അതിന്റെ പൂർണ ബാധ്യയതും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും ഇതിന്റെ എല്ലാ ഇടപെടുന്നത് സർക്കാർ തന്നെയാണ്. കർഷകന്റെ ആത്മഹത്യക്ക് കാരണമായ വിഷയം എന്താണ് എന്നത് നോക്കി അതിനെ പറ്റിവിശദമായി പറയാമെന്നും ജിആർ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചുള്ള പദ്ധതിയാണ് നെല്ലുസംഭരണം. 28 രൂപ 20 പൈസയിൽ 20 രൂപ 60 പൈസ കേന്ദ്രവും ഏഴ് രൂപ 80 പൈസ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികൾ എല്ലാ പൂർത്തിയായി റേഷൻ കടയിലുടെ അരി വിതരണം പൂർത്തിയായ ശേഷം മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുക. അതിന് ആറ് മാസം സമയമെടുക്കും. കർഷകർക്ക് അത്രയും സമയം വൈകാതിരിക്കാനാണ് സംസ്ഥാന സർക്കാർ പിആർഎസ് വായ്പയിലൂടെ നെല്ല് സംഭരിച്ചാൽ ഉടൻ പണം നൽകുന്നത്.

ഇത്തവണയും പതിമൂന്നാം തീയതി മുതൽ പണം വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കിയതാണ്. കഴിഞ്ഞ സീസണിൽ പണം നൽകാൻ കുറച്ച് വൈകിയ സാഹചര്യത്തിലാണ് അത് ഉണ്ടാകാതിരിക്കാൻ ശ്രദ്ധാപൂർവമായ ഇടപെടൽ നടത്തിയത്. എല്ലാ കർഷകർക്കും സമയബന്ധിതമായി പണം നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 170 കോടി രൂപ കൊടുക്കാൻ സജ്ജമാണ്. ഇതിനായി ധനവകുപ്പ് 200 കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.