കൊച്ചി: മലയാളികളുടെ 'ഐഎസ്' ബന്ധം കണ്ടെത്തുന്നതിൽ ഇന്റലിജൻസിന് വീഴ്ച സംഭവിച്ചെന്ന് പറയാനാകില്ലെന്ന് കേരള പൊലീസ് മുൻ മേധാവിയും നിലവിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡിയുമായ ലോക്നാഥ് ബെഹ്‌റ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് ഏതാണ്ട് 21 പേരാണ് കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നത്. ഇത് രാജ്യത്തിന് മുഴുവൻ ഒരു സർപ്രൈസ് ആയിരുന്നു. ഈ സംഘനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായിട്ടാണ് ആളുകൾ ഐഎസിൽ ചേരുന്നത്. ഇവർക്കു പിന്നിൽ കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല. ഒരോരുത്തരായി തീരുമാനം എടുത്തു പോയവരാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഇവരെ കുറിച്ച് ഇന്റലിജൻസിന് വിവരങ്ങൾ കിട്ടാൻ വളരെ പ്രയാസമായിരുന്നുവെന്ന് ബെഹ്റ പറഞ്ഞു.

'കേരളത്തിൽ നിന്നും പോയവർ വിദ്യാസമ്പന്നരും പ്രൊഫഷണലുകളും ആയതുകൊണ്ടാണ് ഇവിടെ കേസുകൾ റിപ്പോട്ട് ചെയ്തത്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളും ഐഎസിൽ ചേർന്നിരുന്നു എന്നാൽ അതിൽ പലതും റിപ്പോർട്ട് ചെയ്തില്ല. അതിന് ശേഷം എന്തുണ്ടായി എന്നാണ് മനസിലാക്കേണ്ടത്. വ്യാപകമായി ആളുകൾ ഐഎസിലേക്ക് പോകുന്നതു തടയാൻ ഉന്നതതലത്തിൽ പ്രത്യേക മോണിറ്ററിങ് സംവിധാനം കേരള പൊലീസ് ഒരുക്കി. അതിനു ശേഷം ഇത്തരം കേസുകൾ അധികം റിപ്പോർട്ട് ചെയ്തിട്ടില്ല- ബെഹ്റ വ്യക്തമാക്കി.

അവരുടെ പ്രചരണം അത്ര വലുതായതുകൊണ്ടാണ് ഐഎസിലേക്ക് ആളുകൾ ചേർന്നത്. അതിൽ ലൗ ജിഹാദിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഭർത്താവിനും ഭാര്യയ്ക്കുമിടയിൽ എന്താണ് സംസാരിക്കുന്നതെന്ന് നമ്മൾക്ക് അറിയില്ലല്ലോ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കേരളം ഒരു മതേതര സംസ്ഥാനമാണ് ഇവിടെ വ്യത്യസ്ത മതത്തിൽപെട്ടവർ വിവാഹം കഴിക്കുന്നത് സാധാരണമാണ്. അതിനെ ലൗ ജിഹാദ് എന്നോ മറ്റേതെങ്കിലും ജിഹാദ് എന്നോ വിളിക്കുന്നത് വെറും രാഷ്ട്രീയമാണ്'.-ബെഹ്‌റ പറഞ്ഞു.

ലൗ ജിഹാദ് എന്ന പ്രയോഗം താൻ അംഗീകരിക്കില്ല. ഇതൊരിക്കലും നമ്മുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതല്ല. രണ്ടു പേർ ഇഷ്ടപ്പെടുന്നതും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതിലും എന്താണ് തെറ്റെന്നും ബെഹ്റ ചോദിച്ചു.