തിരുവനന്തപുരം: ഉത്രാട ദിനത്തിൽ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ തിരുവോണത്തലേന്ന് വിറ്റത്. ബെവ്കോയുടെ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടേതാണ്.

വിൽപ്പന വരുമാനത്തിൽ മാറ്റമുണ്ടാകുമെന്ന് ബെവ്കൊ എംഡി പ്രതികരിച്ചു. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോൾ വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോ എംഡിയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷത്തേക്കാൾ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയ്ക്കും കൊല്ലം ഔട്ട് ലെറ്റിനും പിന്നിൽ ചങ്ങനാശേരിയിൽ 95 ലക്ഷത്തിന്റെ വിൽപനയും നടന്നു.

ഓരോ വർഷം കഴിയുന്തോറും ഉത്രാടദിനത്തിൽ വിറ്റഴിക്കുന്ന മദ്യത്തിന്റെ വിൽപ്പന വർധിച്ച് വരികയാണ്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച വിൽപ്പന നടന്നില്ലെന്നാണ് ബെവ്കോ പറയുന്നത്. 130 കോടിയുടെ വിൽപ്പനയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇത് ലഭിച്ചില്ല. ഇത്തവണ മദ്യത്തിന്റെ വില കൂടിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് മദ്യത്തിന്റെ വില വർധിപ്പിച്ചത്. ഇതിന് ആനുപാതികമായ വർധന വിൽപ്പനയിൽ ഉണ്ടായിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ പറയുന്നത്. വരുംദിവസങ്ങളിൽ വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ

മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്ക് ബെവ്കോ നിർദ്ദേശം നൽകിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാൻ റം നൽകണമെന്നും ബെവ്കോ നിർദ്ദേശിച്ചിരുന്നു.

ഡിജിറ്റൽ പണം ഇടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നിർദ്ദേശമുണ്ടായിരുന്നു. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. വിൽപ്പന കൂടുതലുള്ള ഓണം സീസണിൽ ജീവനക്കാർ അവധിയെടുക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. അങ്ങനെ എടുത്ത കരുതലുകൾ എല്ലാം വിജയിച്ചതാണ് വിൽപ്പന ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

വിൽപ്പനയില്ലാതെ ഔട്ട് ലെറ്റുകളിൽ ഏതെങ്കിലും ബ്രാന്റ് കെട്ടികിടക്കുന്നുണ്ടെങ്കിൽ, വിൽപന തീയതി കഴിഞ്ഞവയല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വിൽക്കാൻ പാടുള്ളൂയെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു. ഓണം പോലുള്ള ഉത്സവ സീസണുകളിൽ റെക്കാേഡ് വില്പന ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ അതിനുള്ള മുൻകരുതലുകള്ളും കൈക്കൊണ്ടിരുന്നു.

ഈ ഓണക്കാലത്ത് 50 മുതൽ 75 കോടി രൂപ വരെ അധിക വരുമാനം പ്രതീക്ഷിച്ച് ബെവ്കോ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കഴിഞ്ഞ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെ 700.60 കോടിയുടെ മദ്യമാണ് വിറ്റത്. ഇക്കുറി 750 കോടി കടക്കുമെന്നായിരുന്നു പ്രതീക്ഷ. നാല് ദിവസം കൂടി കഴിഞ്ഞാലേ ഇക്കാര്യത്തിൽ കൃത്യമായ കണക്ക് പുറത്തു വരൂ.