ബീജിങ്: ചൈനയിൽ രണ്ടു പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടുപേരും 800 മൈൽഅകലത്തിൽ താമസിക്കുന്നവരാണ് എന്നുള്ളത് പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പടരാൻ തുടങ്ങി എന്ന ഭീതി ശക്തമാകാൻ ഇടയാക്കിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ ഒരു 53 കാരിക്ക് എച്ച് 5 എൻ 1 സ്ഥിരീകരിച്ചതായി ബി എൻ ഒ ന്യുസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞമാസമാണ് ഇവർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടയിൽ തെക്കൻ ചൈനയിലെ ഗ്യാങ്ഡംഗ് പ്രവിശ്യയിലെ ഒരു 49 കാരന്പക്ഷിപ്പനി ബാധിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജീവനുള്ള പക്ഷികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ഇയാളിലേക്ക് എച്ച് 5 എൻ 1 വൈറസുകൾ പടർന്നതെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു. അടുത്തിടെ ഒരു കമ്പോഡിയൻ പെൺകുട്ടി ഈ രോഗം ബാധിച്ച് മരണമടയുകയും, ആ കുട്ടിയുടെ പിതാവിന് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പുറകെയാണ് ചൈനയിലെ റിപ്പോർട്ട് പുറത്തു വരുന്നത്.

ഇതോടെ രോഗം കൂടുതൽ വ്യാപകമാകുമെന്ന ആശങ്കയും വർദ്ധിച്ചിട്ടുണ്ട്.ഇവരെ ബാധിച്ച വൈറസ്, മനുഷ്യരിൽ അതിവേഗം പടരാനുള്ള ഉൽപരിവർത്തനം സംഭവിച്ച വൈറസുകളാണെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം, ചൈനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട ഇരുവരും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെട്ടതായോ, വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരുമെന്നതിനോ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അതേസമയം കംബോഡിയയിൽ കണ്ടെത്തിയ എച്ച് 5 എൻ 1 വൈറസ് നേരത്തേ രാജ്യത്തെ കാട്ടുപക്ഷികളെയും വളർത്തു പക്ഷികളെയും ബാധിച്ച പഴയ വകഭേദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട സ്ത്രീ, ജനുവരി 31 ന് കോഴിയിറച്ചി തിന്നതിനു ശേഷമാണ് ലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അവരുടെ നിലവിലെ അവസ്ഥ വ്യക്തമല്ല.

ലോകമാകമാനം ലക്ഷക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയ പക്ഷിപ്പനിയുടെ ഇപ്പോഴത്തെ തരംഗം അതിവേഗം പടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, മരണ നിരക്കും മുൻ തരംഗങ്ങളെക്കാൾ കൂടുതലാണത്രെ. എന്നാൽ, മനുഷ്യരിലേക്ക് ഇത് പടരുന്നത് തുലോം വിരളമാണ് 2003 മുതൽ ആകെ 860 മനുഷ്യരിലാണ് ഔദ്യോഗികമായി പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.