കാസർഗോഡ്: പഞ്ചായത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ബേക്കൽ ബീച്ചിൽ നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിയമനടപടികളുടെ ഭാഗമായി ബിആർഡിസിക്ക്(ബേക്കൽ റിസോർട്‌സ് ഡെവലപ്പ്മന്റ് കോർപ്പറേഷൻ) അന്ത്യ ശാസനം നൽകി പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ബി ആർ ഡി സി.

കഴിഞ്ഞദിവസം നടന്ന പള്ളിക്കര പഞ്ചായത്ത് ബോർഡ് യോഗത്തിൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. നേരത്തെ അനധികൃത കെട്ടിട നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ബി.ആർ ഡി സി ക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിന്റെ ബലത്തിൽ ഇതിന് പുല്ലുവില കൽപ്പിച്ചുവെന്നാണ് ആരോപണം.

തീരദേശ സംരക്ഷണ നിയമം ലംഘിച്ച് ബി.ആർ ഡിസിയും സ്വകാര്യ വ്യക്തിയും അനധികൃതമായി നിരവധി കെട്ടിടങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനുപിന്നിൽ വലിയ രീതിയിൽ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് നടപടികളുമായി എത്തിയത്. എന്നാൽ തദ്ദേശ സ്ഥാപനത്തിന്റെ നിർദ്ദേശങ്ങൾ ബിആർഡിസി പാലിക്കുന്നില്ല. മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നതാണ് വസ്തുത.

ബി.ആർഡിസി സ്വന്തം ചെലവിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണ മെന്നും അല്ലാത്തപക്ഷം സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്ത് ഭരണസമിതി അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതിനുള്ള ചെലവ് ബി.ആർഡിസി വഹിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായാണ് പഞ്ചായത്ത് സെക്രട്ടറി യോഗത്തെ അറിയിച്ചത് .

നാളെ പരാതി കോടതികളിൽ എത്തിയാൽ ഉദ്യോഗസ്ഥർക്ക് ബാധ്യതയാകുമെന്ന് കൊണ്ടാണ് മുൻകൂട്ടി നോട്ടീസ് നൽകിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഭയന്ന് നടപടികളിലേക്ക് കടക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലെന്നാണ് ആരോപണം. മാത്രമല്ല പല ഉദ്യോഗസ്ഥന്മാരും പള്ളിക്കര പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫർ വാങ്ങി തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടൂറിസം മന്ത്രിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന കണ്ണൂർ സ്വദേശിയും മുൻ എസ്എഫ്‌ഐ നേതാവുമായ ഷിജിൻ പറമ്പത്താണ് എം ഡി എന്ന നിലയിൽ അനിതികൃത നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിന് നോട്ടീസ് നൽകാൻ മാത്രമേ സാധിക്കുന്നുള്ളൂ.

ബിആർടിസി എംഡിയുടെ നേതൃത്വത്തിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവലിലും വലിയ രീതിയിലുള്ള അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. തങ്കൾക്ക് ഒരു നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല എന്ന രീതിയിലാണ് എം ഡി മുന്നോട്ടുപോകുന്നത്. പഞ്ചായത്ത് നോട്ടീസ് നൽകുമ്പോൾ മന്ത്രിയുടെ ഓഫീസിൽ നിന്നും ഫോണ് വരുന്നതോടുകൂടി ഉദ്യോഗസ്ഥരുടെ മുട്ടിടിക്കാൻ തുടങ്ങും. ഇതോടെ നടപടികളും നിലയ്ക്കും.