കൊച്ചി: ബഫർസോൺ വിഷയം മലയോര മേഖലയെ ആശങ്കപ്പെടുമ്പോൾ തന്നെ സുപ്രീംകോടതിയുടെ ഉത്തരവിലെ അവ്യക്തത. പരിസ്ഥിതിലോല മേഖല വേണ്ടതു കടുവാ സങ്കേതത്തിനു ചുറ്റുമോ വന്യജീവി സങ്കേതത്തിനു ചുറ്റുമോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല സൃഷ്ടിക്കാനാണു സുപ്രീംകോടതി ഉത്തരവ്. അതസമയം കടുവാ സങ്കേതങ്ങളുടെ കാര്യം ഉത്തരവിൽ എടുത്തു പറയുന്നുമില്ല.

ഉത്തരവ് അനുസരിച്ച് കടുവാ സങ്കേതങ്ങൾക്ക് ബാധകമല്ലെങ്കിൽ പറമ്പിക്കുളം, പെരിയാർ കടുവാ സങ്കേതങ്ങൾക്കു ചുറ്റും ഇപ്പോൾ കരുതൽ മേഖലയായി കാണിച്ചിട്ടുള്ള ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയും വീടുകളും സംരക്ഷിക്കാനാവും എന്നതാണ് പ്രത്യേകത. കടുവാ സങ്കേതത്തിനുള്ളിലാണു രണ്ടിടത്തും വന്യജീവി സങ്കേതങ്ങളുള്ളത്. വന്യജീവി സങ്കേതങ്ങൾ നിലവിൽ വന്നു വർഷങ്ങൾക്കു ശേഷമാണ് അതിനു ചുറ്റും കിലോമീറ്ററുകളോളം സ്ഥലം ഏറ്റെടുത്തു കടുവാ സങ്കേതങ്ങൾ സൃഷ്ടിച്ചത്.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിരിൽ നിന്ന് ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോലമേഖല സൃഷ്ടിക്കാനാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നതെങ്കിലും, വന്യജീവിസങ്കേതത്തിനു പുറത്തുള്ള കടുവാ സങ്കേതങ്ങളുടെ അതിർത്തിയിൽനിന്നു കരുതൽ മേഖല കണക്കാക്കിയാണു വനം വകുപ്പ് കരുതൽ മേഖല ഭൂപടം പ്രസിദ്ധീകരിച്ചത്.

വന്യജീവി സങ്കേതങ്ങൾ സംബന്ധിച്ച ആധികാരിക ശബ്ദമായ ഡെഹ്‌റാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നതു കടുവാ സങ്കേതങ്ങൾ സംരക്ഷിത പ്രദേശങ്ങളുടെ നിർവചനത്തിൽ പെടുന്നില്ല എന്നാണ്. നിലവിൽ രാജ്യത്ത് 54 കടുവാ സങ്കേതങ്ങളുണ്ട്. 1977ലെ ഉത്തരവു പ്രകാരം രൂപീകരിച്ച പെരിയാർ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റും മാത്രമേ ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല സൃഷ്ടിക്കേണ്ടതുള്ളുവെന്നും ഒരു വിഭാഗം വാദിക്കുന്നു.

പെരിയാർ വന്യജീവി സങ്കേതത്തിനും പെരിയാർ ദേശീയ ഉദ്യാനത്തിനും അടുത്തെങ്ങും ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നില്ല. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും റവന്യു ഭൂമിയുമായി അതിർത്തി പങ്കിട്ടിരുന്ന റിസർവ് വനങ്ങൾ, കടുവാസങ്കേതം വികസിപ്പിക്കാൻ 2007ലും 2011ലും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് എരുമേലി, കോരുത്തോട്, പെരുവന്താനം, വണ്ടിപ്പെരിയാർ, ചിറ്റാർ, കുമളി, സീതത്തോട് തുടങ്ങിയ പഞ്ചായത്തുകൾ കടുവാ സങ്കേതത്തിന്റെ അതിർത്തിയായത്.

അതേസമയം ബഫർസോൺ സമരം ശക്തമാക്കുമെന്നു യുഡിഎഫ്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ രാവിലെ 10.30ന് എയ്ഞ്ചൽവാലിയിൽ നടത്തുന്ന ജനകീയ സദസ്സിൽ പങ്കെടുക്കും. പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനഭൂമി ആണെന്നുള്ള വനം വകുപ്പിന്റെയും സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ചാണു ജനകീയ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും അനാസ്ഥയുമാണു പ്രശ്‌നത്തിലേക്കു നയിച്ചത്. 70 വർഷത്തിലേറെയായി ജനങ്ങൾ താമസിക്കുന്ന എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ സർവേകളിലൂടെ സർക്കാർ വനമാക്കി മാറ്റി. കേരളത്തിലെ വനം വകുപ്പു മന്ത്രിയോട് സഹതാപമുണ്ട്. മന്ത്രി ഇന്നും ഈ വിഷയം പഠിച്ചിട്ടില്ല. ഗൗരവതരമായ ചർച്ചയോ തീരുമാനമോ എടുത്തിട്ടില്ല.ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തതു പോലെ വനം, റവന്യു, സർവേ തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രതിസന്ധിയിൽ നിന്നു ജനങ്ങളെ മോചിപ്പിക്കാൻ സർക്കാർ തയാറായില്ല.

കർഷകരുടെ ഒരു സെന്റ് ഭൂമി പോലും വനഭൂമിയാക്കാനോ ബഫർ സോണിലാക്കാനോ യുഡിഎഫ് സമ്മതിക്കില്ല. കള്ളക്കേസെടുത്തു ഭീഷണിപ്പെടുത്തി കർഷകരെ സമരത്തിൽ നിന്നു പിന്തിരിപ്പിക്കാനാണു സർക്കാർ ശ്രമം. പ്രതിഷേധിച്ച കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസുകൾ പിൻവലിക്കണം. ഒരു പ്രശ്‌നവുമില്ലെന്നാണു ഇപ്പോൾ ഭരണകക്ഷികൾ പറയുന്നത്. എന്നാൽ വീട് നിർമ്മിക്കാനും കിണർ കുഴിക്കാൻ പോലും ഡിഎഫ്ഒയുടെ അനുമതി വേണമെന്ന കാര്യം മറച്ചുവയ്ക്കുന്നു.

കർഷകരുടെ ജീവിതം സംസ്ഥാന സർക്കാർ പന്താടുകയാണ്. 3 മാസം ലഭിച്ചിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ സുപ്രീം കോടതിയിൽ സമയം നീട്ടി ചോദിച്ചു. സമയം പാഴാക്കുന്നതു ജനങ്ങളോടുള്ള ക്രൂരതയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലീം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ പറഞ്ഞു.