കണ്ണൂർ: കണ്ണൂർ നഗരത്തിന് വാരത്ത് റോഡുഗതാഗതം മുടങ്ങി നടത്തിയ വിവാഹഘോഷയാത്രയിൽ പങ്കെടുത്തതിന് വരനും കൂട്ടർക്കുമെതിരെ ചക്കരക്കൽ പൊലിസ് കേസെടുത്തത് പരാതികൾ ഉയർന്ന സാഹചര്യത്തിൽ. ഒട്ടകപുറത്തത്തെിയ വരൻ വളപട്ടണം സ്വദേശി റിസ്വാനും വിവാഹ ഘോഷയാത്ര നടത്തിയ സുഹൃത്തുക്കളായ 25- പേർക്കെതിരെയുമാണ് ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടെരി കേസെടുത്തത്. അന്യായമായി സംഘം ചേർന്ന് കണ്ണൂർ- ഇരിട്ടി സംസ്ഥാന പാതയിലെ വാരംചതുരക്കിണക്കറിൽ ഗതാഗത തടസമുണ്ടാക്കിയതിനാണ് കേസെടുത്തത്.

ഫ്രീക്കർമാരായ വരന്റെ സൃഹുത്തുക്കൾ വെറൈറ്റിക്കായി വരനെ ഒട്ടകത്തിന്റെ മുകളിൽ കയറ്റിയിരുത്തി ഘോഷയാത്രയായ നടത്തിച്ചത് നാട്ടുകാരിലും ബന്ധുക്കളിലും പ്രതിഷേധമുണ്ടാക്കിയതിനെ തുടർന്ന് വരനെ പൊലിസും നാട്ടുകാരും കൂടി താഴെയിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വാരത്താണ് സംഭവം. വളപട്ടണം സ്വദേശിയായ യുവാവിന്റെയും വാരം ചതുരക്കിണർ സ്വദേശിനിയായ യുവതിയുടെയും വിവാഹത്തിനായി വരന്റെ കൂടെ വന്ന ഒരു സംഘം യുവാക്കളാണ് ആഘോഷം ആഭാസമാക്കിമാറ്റിയത്. കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു നിഹാഹ്.

അതുകഴിഞ്ഞ് ഞായറാഴ്‌ച്ച വരനും സംഘവും വധുവിന്റെ വീട്ടിലെത്തുമ്പോഴാണ് സംഭവം. വളപട്ടണത്തു നിന്ന് പുറപ്പെട്ട സംഘം മുണ്ടയാട് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ ഇടപെട്ട് വരന്റെ യാത്ര ഒട്ടക പുറത്താക്കിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ പുഷ്പകിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ വരന്റെ പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കൾ റോഡുനീളെ ഘോഷയാത്രയായി നീങ്ങുകയായിരുന്നു. ഇവർക്ക് അകമ്പടി സേവിക്കാൻ കാതടപ്പിക്കുന്ന ബാൻഡ് വാദ്യവുമുണ്ടായിരുന്നു. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗൺ ഉപയോഗിച്ചു പ്രദേശത്ത് പുക പരത്തുകയും തീപ്പൊരി ചിതറിക്കുകയും ചെയ്തു.

ഇതുകാരണം റോഡിലൂടെ പോകുന്ന വാഹനയാത്രക്കാർക്ക് കാഴ്്ചമ ങ്ങുകയും വഴി യാത്രക്കാർക്കു മേൽ തീപ്പൊരി ചിതറുകയും ചെയ്തു. ഇതുവഴി കടന്നു വന്ന ആംബുലൻസിന് പോകാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. വിവരമറിഞ്ഞ് ചക്കരക്കൽ പൊലിസും സ്ഥലത്തെത്തി. ഇതോടെ പൊലിസും ആഘോഷകമ്മിറ്റിയിലെ രണ്ടു യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്തു താക്കീതു ചെയ്തു വിട്ടയച്ചു, നാട്ടുകാരും പൊലിസുകാരും മഹല്ല് കമ്മിറ്റിയും ഒന്നിച്ചു ഇടപെട്ടതോടെയാണ് വിവാഹഭാസക്കാരായ ഫ്രീക്കന്മാർ പിൻവലിഞ്ഞത്.

എന്നാൽ വിവാഹ ആഭാസം ചൂണ്ടിക്കാട്ടി മഹല്ല് കമ്മിറ്റിയും നാട്ടുകാരും രംഗത്തുവന്നതോടെയാണ് പൊലിസ് സ്വമേധയാ കേസെടുത്തു അന്വേഷണമാരംഭിച്ചത്. ഒരുവർഷം മുൻപ് തോട്ടട പന്ത്രണ്ടുകണ്ടിയിൽ വിവാഹഘോഷയാത്രയ്ക്കിടെയുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം വിവാഹങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രകളും പടക്കം പൊട്ടിക്കലും പൊലിസ് നിരോധിച്ചതാണ്.

ഇതു മറികടന്നുകൊണ്ടാണ് വാരത്ത് വീണ്ടും വിവാഹഘോഷയാത്ര നടന്നത്. അൻപതിലേറെപ്പോരാണ് വിവാഹഘോഷയാത്രയിൽ പങ്കെടുത്തത്. ഇതിൽ കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചു പേർക്കെതിരെയാണ് കേസെടുത്തത്.