ന്യൂഡൽഹി: ഓൺ ലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ. പതിനെട്ടുവയസിന് താഴെയുള്ളവർക്ക് മാതാപിതാക്കളുടെ അനുമതി വേണം.ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് രേഖ കേന്ദ്രം പുറത്തിറക്കി.ഓൺലൈൻ ഗെയിമുകൾക്ക് മാർഗരേഖ ഫെബ്രുവരിയിൽ പുറത്തിറക്കാനാണ് സർക്കാർ നീക്കം. മാർഗരേഖയിലുള്ള കരടിന് മേൽ അഭിപ്രായം തേടൽ അടുത്തയാഴ്ച മുതൽ ആരംഭിക്കും.

പതിനെട്ട് വയസിന് താഴെയുള്ള ഓൺലൈൻ ഗെയിം കളിക്കുകയാണെങ്കിൽ അതിന് മാതാപിതാക്കളുടെ അനുമതി വേണം.വാതുവയ്പിന്റെയോ, ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓൺലൈൻ ഗെയിമുകൾക്ക് അനുമതിയുണ്ടാകില്ലെന്ന് കരടിൽ പറയുന്നു.ഗെയിമിങ് പ്ലാറ്റ്ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കരടിൽ പറയുന്നു.

ഗെയിമിങ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും കരടിൽ പറയുന്നു.ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകുന്നതിനായി സമിതിയെ രൂപീകരിക്കുമെന്നും കരടിൽ നിർദ്ദേശിക്കുന്നുണ്ട്. അടുത്താഴ്‌ച്ച മുതൽ കരടിന്മേലുള്ള ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് അടുത്ത മാസത്തോടെ നിയമം പ്രാബല്യത്തിൽ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

അതേസമയം രാജ്യത്ത് ഓൺലൈൻ വാതുവയ്പ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.കരടിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഈ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കും. ഗെയിമിങ്ങിലൂടെ വാതുവയ്‌പ്പ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പൊതുജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം കരടിൽ അഭിപ്രായം അറിയിക്കാനും അവസരമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ടെക്‌നോളജി നവീകരണത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അനധികൃതമായ ഉള്ളടക്കം, സേവനം എന്നിവ കമ്പനികൾ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഓൺലൈൻ വീഡിയോ ഗെയിമുകൾ സൃഷ്ടിക്കുന്ന ആസക്തികളെ കുറിച്ചും ആക്രമണ - ധന നഷ്ടങ്ങളെ കുറിച്ചുമെല്ലാം കേന്ദ്ര സർക്കാർ ബോധവാന്മാരാണെന്ന് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാരിനോട് ഗെയിമിങ് ഇൻഡസ്ട്രിയിലുള്ളവർ തന്നെ ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണം വേണമെന്ന് വളരെ കാലമായി ആവശ്യപ്പെടുന്നതാണ്. ഓൺലൈൻ ഗെയിമിങ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നിർദ്ദേശിക്കുന്നതിനായി മന്ത്രിതല ടാസ്‌ക് ഫോഴ്സും രൂപീകരിച്ചിരുന്നു.

ഇക്കഴിഞ്ഞ ജുലായ് മാസത്തോടെയാണ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്ത് വന്നത്.പണം വച്ചുള്ള ഗെയിമുകൾ ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കുമുൾപ്പടെ നയിച്ചതോടെയാണ് ഓൺലൈൻ ഗെയിമിനെ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രം തീരുമാനമെടുത്തത്.

എന്നാൽ ആദ്യഘട്ടത്തിൽ നിർദ്ദേശം ഉയർന്ന നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മാത്രം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ആലോചന പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിക്കുകയായിരുന്നു. സ്‌കിൽ ഗെയിമായാലും ചൂതാട്ടവുമായി ബന്ധപ്പെട്ട ഗെയിമായാലും എല്ലാം നിലവിൽ സർക്കാരിന്റെ നിരീക്ഷണത്തിലാകും. 2026-ഓടെ ഇന്ത്യയിലെ ഗെയിമിങ് മേഖല 56995 കോടി (7 ബില്യൺ ഡോളർ) താണ്ടുമെന്ന് ഗവേഷണ സ്ഥാപനമായ റെഡ്‌സീറിന്റെ കണക്കുകൾ പറയുന്നു.

ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാനായി ഓഗസ്റ്റിൽ കരട് നിയമം തയ്യാറാക്കാൻ ഒരു പാനലിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു .സ്‌കിൽ സ്പോർട്സുകളുടെ രജിസ്ട്രേഷൻ തീരുമാനിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടു .ഒക്ടോബറിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറ്റൊരു യോഗം എല്ലാത്തരം ഗെയിമുകളും നിരീക്ഷിക്കുന്നതിനുള്ള നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തിരുന്നു.