ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 'സംവിധാന്‍ ഹത്യാ ദിവസ്' (ഭരണഘടനാ ഹത്യാദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവര്‍ക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവര്‍ക്കും വേണ്ടിയാണ് ഈ ദിനം സമര്‍പ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

1975 ജൂണ്‍ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യപരമായി രാജ്യത്തിനു മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതെന്ന് ഉത്തരവിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ട് നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കിയ ദിവസങ്ങളില്‍, ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകള്‍ ജയിലിലേക്ക് വലിച്ചെറിയപ്പെട്ടു. മാധ്യമങ്ങളെയടക്കം നിശബ്ദമാക്കിയ ജൂണ്‍ 25 ഇനി എല്ലാ വര്‍ഷവും 'സംവിധാന്‍ ഹത്യ ദിവസ്' (ഭരണഘടനാ ഹത്യാദിനം) ആയി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

1975 ജൂണ്‍ 25-നായിരുന്നു ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. 'യാതൊരു കാരണവുമില്ലാതെ ലക്ഷക്കണക്കിന് പേരെയാണ് ജയിലിലാക്കിയത്. മാധ്യമ ശബ്ദങ്ങളെ അടിച്ചമര്‍ത്തി. ഏകാധിപത്യമനോഭാവമാണ് ഇന്ദിരാ ഗാന്ധി അന്ന് കാണിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതെയാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന്റെ ഓര്‍മ്മയ്ക്കായി ജൂണ്‍ 25 സംവിധാന്‍ ഹത്യാ ദിനമായി ആചരിക്കും', അമിത് ഷാ കുറിച്ചു.

1975 ജൂണ്‍ 25നായിരുന്നു ഇന്ദിരാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അധികാര ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂണ്‍ 25 സംവിധാന്‍ ഹത്യാ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും ഇത്തരം അധികാര ദുര്‍വിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യന്‍ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ പ്രതികരിച്ചു.

നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടിയന്തരാവസ്ഥയെ ഇരുണ്ട അധ്യായമെന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് 1975 ജൂണ്‍ 25ന് സംഭവിച്ചതെന്നും ദ്രൗപതി മുര്‍മു തന്റെ പ്രസംഗത്തിനിടെ വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടുള്ള ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ പ്രസ്താവനയക്ക് പിന്നാലെ വലിയ പ്രതിപക്ഷ ബഹളത്തിന് ലോകസഭാ സാക്ഷ്യം വഹിച്ചിരുന്നു.