ലണ്ടൻ: ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞയാഴ്‌ച്ച ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ലോക രാഷ്ട്ര നേതാക്കളെല്ലാവരും തന്നെ അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കാനായി ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കുന്ന രാജാവ് ഔദ്യോഗിക കർമ്മങ്ങളിൽ വ്യാപൃതനാണെങ്കിലും പൊതുപരിപാടികൾ എല്ലാം തന്നെ മാറ്റി വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ചാൾസ് രാജാവ് സാൻഡ്രിൻഗാം ചപ്പലിൽ ആരാധനാ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.

അനാരോഗ്യ പ്രശ്നങ്ങൾ അലട്ടാത്തമനസ്സുമായി ഉല്ലാസവാനായിട്ടായിരുന്നു രാജാവ് എത്തിയത്. സെയിന്റ് മാഗ്ഡലിൻ പള്ളിയിൽ കുർബാന കൂടിയ അദ്ദേഹം തികച്ചും ഉന്മേഷവാനായിട്ടായിരുന്നു കാണപ്പെട്ടത്. 75 കാരനായ രാജാവ് 100 ൽ അധികം വരുന്ന ജനകൂട്ടത്തെ നോക്കി കൈകൾ വീശി അഭിവാദ്യം ചെയ്തു. 76 കാരിയായ കാമില രാജ്ഞിക്കൊപ്പം സാൻഡിൻഗാം എസ്റ്റേറ്റിലെ ചാപ്പലിൽ എത്തിയപ്പോൾ അദ്ദേഹത്തെ കാണുവാനായി തടിച്ചു കൂടിയവരായിരുന്നു അത്. പള്ളി വികാരി പോൾ വില്യംസ് ഇരുവരെയും സ്വീകരിച്ചാനയിച്ചു.

ഒരു കുട, ഊന്നുവടിയായി പിടിച്ച് തവിട്ടു നിറത്തിലുള്ള കോട്ടണിഞ്ഞായിരുന്നു രാജാവ് പള്ളിയിൽ എത്തിയത്. കാൻസർ ബാധയുടെ വിവരമറിഞ്ഞ്, പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള ആശംസകളുമായി അദ്ദേഹത്തിന്റെ ആരാധകർ വന്നണഞ്ഞിരുന്നു. പള്ളിയുടെ അടച്ചിട്ട ഗേറ്റിനു മുൻപിൽ നിന്ന് രാജാവിനെ അഭിവാദ്യം ചെയ്തവർ പറഞ്ഞത് അദ്ദേഹം തികച്ചും ഉല്ലാസവാനായിരുന്നു എന്നാണ്. രോഗമുക്തി നേടുമെന്ന വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

തൊട്ട് മുൻപത്തെ രാത്രിയിലായിരുന്നു, തന്റെ സുഖപ്രാപ്തിക്കായി ആശംസാ സന്ദേശങ്ങൾ അയച്ച ബ്രിട്ടീഷ് ജനതയോടെ ഹൃദയത്തിൽ തൊട്ട് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്. ചികിത്സാർത്ഥം അദ്ദേഹം താമസിക്കുന്ന സാൻഡിൻഗാം കൊട്ടാരത്തിന്റെ പേരിലായിരുന്നു രാജാവിന്റെ കത്ത് പ്രസിദ്ധീകരിച്ചത്. നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം, തന്റെ രോഗ വാർത്ത കാൻസറിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം ഉണർത്താൻ സഹായിച്ചതിൽ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

കാൻസറിന്റെ വാർത്ത പുറത്തു വന്നതിന് ശേഷം രാജാവിനെ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ആദ്യമായി പൊതുയിടത്ത് കണ്ടത്. ക്ലെയറൻസ് ഹൗസ് വിട്ട് പോകുമ്പോഴായിരുന്നു അത്. അതിനു ശേഷം ഇളയമകൻ ഹാരി രാജകുമാരനുമായി ഒരു കൂടിക്കാഴ്‌ച്ചയും ഉണ്ടായിരുന്നു. 17 മാസങ്ങൾക്ക് മുൻപ് മാത്രം സിംഹാസനമേറിയ രാജാവിന് പ്രോസ്ട്രേറ്റ് കാൻസർ അല്ല എന്നത് ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഏത് ഭാഗത്താണ് കാൻസർ എന്നത് അവർ വെളിപ്പെടുത്തിയിട്ടില്ല.

പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ വീക്കവുമായി ബന്ധപ്പെട്ട ചികിത്സക്ക് പോയപ്പോഴായിരുന്നു കാൻസർ സ്ഥിരീകരിച്ചത്. പ്രോസ്ട്രേറ്റ് ചികിത്സക്ക് ശേഷം അദ്ദേഹം താമസിച്ചു വന്നിരുന്ന നോർഫോക്ക് എസ്റ്റേറ്റിൽ തന്നെയായിരിക്കും ഇനിയും കുറച്ചുകാലം രാജാവ് താമസിക്കുക. ഇന്നലെ രാവിലെ രാജാവിനെ കണ്ടവർ പറയുന്നത് അദ്ദേഹം സ്വാഭാവികമായ രീതിയിൽ തന്നെയാണ് നടക്കുന്നതും പെരുമാറുന്നതും എന്നാണ്. ചികിത്സ ഫലം കണ്ടു തുടങ്ങി എന്നതിന്റെ തെളിവാണിതെന്നും അവർ പറയുന്നു.

കർത്തവ്യ നിരതനായ ചാൾസ് തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വിനോദങ്ങളായ നടത്തത്തിനും വാട്ടർ പെയിന്റിംഗിനുമായി കൂടുതൽ സമയം ചെലവഴിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്. പൊതു പരിപാടികൾ റദ്ദാക്കിയെങ്കിലും, ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിറവേറ്റുന്നുണ്ട്. ഈയാഴ്‌ച്ച ഒരു മെഡിക്കൽ അപ്പോയിന്റ്മെന്റുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് ദിവസം രാജാവ് ലണ്ടനിൽ ഉണ്ടാകും എന്നാണ് അറിയുന്നത്.