കൊച്ചി: ഇരുപതു ലക്ഷം രൂപ വാങ്ങിയ ശേഷം നിർദിഷ്ട സമയത്തു ഫ്‌ളാറ്റ് നിർമ്മിച്ചു നൽകാതെ വഞ്ചിച്ചെന്ന കേസിൽ കെട്ടിട നിർമ്മാതാവ് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നു കെ-റെറ ഉത്തരവ്. എറണാകുളം രാജാജി റോഡിൽ പ്രവർത്തിക്കുന്ന ഗ്യാലക്‌സി ഹോംസിനും ഉടമ പി.എ.ജിനാസിനും എതിരെയാണു കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി ചെയർമാൻ പി.എച്ച്.കുര്യൻ, അംഗമായ പ്രീത പി. മേനോൻ എന്നിവരുടെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ ഫ്‌ളാറ്റ് പണി പൂർത്തിയാക്കി ഉപഭോക്താവിനു കൈമാറാനും റെറ ഉത്തരവിട്ടിട്ടുണ്ട്. ഈടാക്കിയ തുകയുടെ, നിർമ്മാണം വൈകിയ കാലയളവിലെ പലിശയാണു 10 ലക്ഷത്തോളം രൂപ. ഗ്യാലക്‌സി ഹോംസിന്റെ ഭാഗത്തു നിന്നുണ്ടായ നിയമവിരുദ്ധ പ്രവർത്തനങ്ങളും വീഴ്ചകളും അക്കമിട്ടു നിരത്തിയാണ് ഉത്തരവ്. തൃശൂർ തൊട്ടിപ്പാൾ മുളങ്ങു സ്വദേശിനി രമ്യ രവീന്ദ്രൻ, ഭർത്താവ് എം.ആർ.ഹരികുമാർ എന്നിവരാണു പരാതിക്കാർ.

ചിലവന്നൂരിലെ ഗ്യാലക്‌സി ബ്രിജ്വുഡ് എന്ന പദ്ധതിയിൽ 2015 ലാണു മാധ്യമ പ്രവർത്തക ദമ്പതികളായ ഉപഭോക്താക്കൾ പണം മുടക്കിയത്. 3 ബിഎച്ച്‌കെ ഫ്‌ളാറ്റിനായി നിർമ്മാതാവ് ആവശ്യപ്പെട്ട 40 ലക്ഷം രൂപയിൽ ബാങ്ക് വായ്പ ഉൾപ്പെടെ 20.87ലക്ഷം രൂപ തവണകളായി നൽകിയെങ്കിലും ഇടയ്ക്കു പദ്ധതി പൂർണമായി നിലച്ചു. എന്നാൽ, ഇക്കാര്യം മറച്ചുവച്ചു നിർമ്മാതാവു വീണ്ടും പണം ഈടാക്കാൻ ശ്രമിച്ചപ്പോൾ പരാതിക്കാർ ബാങ്കിന്റെ അനുമതിയോടെ തുടർന്നു പണം നൽകുന്നതു നിർത്തിവച്ചു. പണി ഇഴഞ്ഞുനീങ്ങുകയാണെന്നും നിശ്ചിത സമയത്തിനുള്ളിൽ ഇതു പൂർത്തിയാകില്ലെന്നും കണ്ടെത്തിയതോടെ പദ്ധതിയിൽ നിന്നു പിന്മാറാൻ സന്നദ്ധരായി പരാതിക്കാർ നിർമ്മാതാവിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഇതിന് അനുവദിച്ചില്ല. തുടർന്നു പണി വൈകുന്നതിനുള്ള നഷ്ടപരിഹാരം എന്ന നിലയിൽ ഫ്‌ളാറ്റ് കൈമാറുന്നതു വരെയുള്ള കാലയളവിൽ വീട്ടുവാടക നൽകാമെന്നു നിർമ്മാതാവു രേഖാമൂലം സമ്മതിച്ചു. ഉപഭോക്താക്കൾ ഈ ഒത്തുതീർപ്പിനു വഴങ്ങി. എന്നാൽ, ചുരുങ്ങിയ കാലം മാത്രം വാടക നൽകിയ ശേഷം ഇതും നിർമ്മാതാവ് അറിയിപ്പില്ലാതെ നിർത്തിവച്ചു.

ഓഫിസിൽ വാടക മുടങ്ങിയ കാര്യം അന്വേഷിച്ചെത്തിയ ഉപഭോക്താക്കളോടു ഭീഷണി മുഴക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഫ്‌ളാറ്റ് കൈമാറണമെങ്കിൽ കരാർ പ്രകാരമുള്ളതിനു പുറമെ 8 ലക്ഷം രൂപ കൂടി നൽകണമെന്നും ഇല്ലെങ്കിൽ കരാർ ഏകപക്ഷീയമായി റദ്ദാക്കുമെന്നും നിർമ്മാതാക്കൾ ഭീഷണി മുഴക്കിയതോടെയാണു ഉപഭോക്താക്കൾ റെറയെ സമീപിച്ചത്. എന്നാൽ, ഇതിനുള്ള നീക്കം തടഞ്ഞു റെറ ഇടക്കാല ഉത്തരവിറക്കി. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നു ലഭിക്കേണ്ട ബാക്കി തുക ലഭിക്കാത്തതിനാലാണു ഫ്‌ളാറ്റ് നൽകാത്തതെന്നു നിർമ്മാതാക്കൾ വാദിച്ചെങ്കിലും 2017ൽ പൂർത്തിയാക്കി കൈമാറേണ്ട ഫ്‌ളാറ്റിന്റെ നിർമ്മാണം ഇതു വരെ പൂർത്തിയായിട്ടില്ലെന്നും അത്തരം കാരണങ്ങൾ നിയമപരമല്ലെന്നും റെറ കണ്ടെത്തി.

അപാർട്ട്‌മെന്റ് പദ്ധതിയിലെ 110 ഫ്‌ളാറ്റുകളിൽ 81 എണ്ണവും വിറ്റു പോയെങ്കിലും 2023 പകുതിയായിട്ടും പണി പൂർത്തിയാക്കി ഒരാൾക്കു പോലും ഫ്‌ളാറ്റ് കൈമാറാൻ നിർമ്മാതാവു തയാറായിട്ടില്ലെന്നതു ഗുരുതരമായ വീഴ്ചയാണെന്നും റെറ വിലയിരുത്തി. നിർമ്മാതാവിന്റെ വീഴ്ച മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉപഭോക്താക്കൾക്കുണ്ടായിട്ടുള്ളതെന്നും റെറയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫ്‌ളാറ്റ് ലഭിച്ചില്ലെങ്കിലും ഭവനവായ്പയുടെ തിരിച്ചടവു മുടക്കമില്ലാതെ അടക്കേണ്ടി വന്നതിനാലും നിർമ്മാതാവ് നൽകാമെന്നേറ്റ വീട്ടുവാടക സ്വയം നൽകേണ്ടി വന്നതിനാലുമാണു ഉപഭോക്താക്കൾ പ്രയാസത്തിലായതെന്നും റെറ നിരീക്ഷിച്ചു.

ഗ്യാലക്‌സി ഹോംസിന്റെ വിവിധ പദ്ധതികൾക്കെതിരെ ഒട്ടേറെ കേസുകൾ റെറയുടെ മുൻപിലുണ്ടെങ്കിലും ഇതിന്റെയൊന്നും വിശദാംശങ്ങൾ നിയമപ്രകാരം റെറയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ലെന്നും നിർമ്മാണ കാലാവധി കഴിഞ്ഞ പദ്ധതിയുടെ റജിസ്‌ട്രേഷൻ നീട്ടാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും റെറ കണ്ടെത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമപ്രകാരം റെറ നൽകിയ നിർദ്ദേശങ്ങളും നോട്ടിസും ഗ്യാലക്‌സി ഹോംസ് തുടർച്ചയായി ലംഘിക്കുകയാണെന്നും ഉത്തരവിലുണ്ട്. പരാതിക്കാർക്കു വേണ്ടി അഡ്വ.ഹരീഷ് വാസുദേവൻ ഹാജരായി.