ഹരിപ്പാട് : എല്ലാ പുതുവർഷത്തിലും മുടങ്ങാതെ രമേശ് ചെന്നിത്തല നടത്തുന്ന പട്ടികജാതി -ആദിവാസി കോളനിസന്ദർശനം ഇത്തവണ ചെന്നാട്ട് കോളനി നിവാസികൾക്ക് അനുഗ്രഹമായി. കഴിഞ്ഞ 14 വർഷമായി പുതുവർഷദിനത്തിൽ നടത്തി വരുന്ന സന്ദർശനം ഈ വർഷവും ചെന്നിത്തല മുടക്കിയില്ല. സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ടു കോളനിയിലായിരുന്നു ഈ വർഷത്തെ സന്ദർശനം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡണ്ടായിരിക്കെയാണ് ഗാന്ധിഗ്രാമം പരിപാടി എന്ന പേരിൽ ഈ സന്ദർശന പരിപാടിക്കു തുടക്കം കുറിച്ചത്.

രാവിലെ 9 മണിക്ക് കോളനിയിലെത്തിയ ചെന്നിത്തലയെ കോളനി മൂപ്പൻ എസ് സുദീപ്, ശങ്കരിയമ്മ, സരള സരസമ്മ എന്നിവരുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പാളത്തൊപ്പി അണിയിച്ച് സ്വീകരിച്ചു. തുടർന്ന് കോളനി നിവാസികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ടു വിലയിരുത്തി. കോളനിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ കോളനി നിവാസികളിൽനിന്ന് നേരിട്ടു മനസ്സിലാക്കുകയും അവ പരിഹരിക്കാൻ ശ്രമിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ആദ്യഘട്ടമായി തന്റെ എംഎൽഎ ഫണ്ടിൽനിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചെന്നിത്തല അവരെ അറിയിച്ചു. ഇതിന്റെ ആദ്യഗഡു മാർച്ച് 31ന് മുൻപ് അനുവദിക്കും. 25 ലക്ഷം രൂപ അടുത്ത സാമ്പത്തികവർഷം അനുവദിക്കും. ചടങ്ങിൽ കോളനിയിൽനിന്നും പഠനത്തിനായി വളരെ ദൂരം നടന്നുപോകുന്ന കുട്ടികളിൽ 16 പേർക്ക് സൈക്കിൾ നൽകി. കൂടാതെ കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റും വസ്ത്രവും വിതരണം ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി വിദഗ്ധഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച അദ്ദേഹം തുടർന്ന് നടന്ന കോളനി നിവാസികളുടെ പാരമ്പരാഗത കലാപരിപാടികൾ കണ്ടതിനുശേഷം സന്ധ്യയോടെയാണ് മടങ്ങിയത്. ഊര് മൂപ്പൻ എസ് സുധീപ് സംഘാടകസമിതി ചെയർമാനും കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം. ലിജു, ജനറൽ കൺവീനർമാരായ വിനോദ് കുമാർ പാണ്ഡവത്ത്, എം. ആർ. ഹരികുമാർ, ഡിസിസി പ്രസിഡന്റ് അഡ്വ ബി. ബാബുപ്രസാദ്, രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, കെ പി സി സി ജന. സെക്രട്ടറി എ എ ഷുക്കൂർ എന്നിവർ സംബന്ധിച്ചു