കല്‍പ്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും മഴ തുടരുന്നതും നദിയുടെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളിയാകുന്നു. സൈന്യത്തിന്റെ കരുത്തുള്ളതു കൊണ്ടാണ് 500 ലേറെ പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്. സൈന്യം ഹെലികോപ്റ്റര്‍ എത്തിച്ചിട്ടും പ്രതികൂല കാലാവസ്ഥ മൂലം കാര്യമായ പ്രയോജനമുണ്ടായില്ല. ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി തുറന്നിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോര്‍ട്ടിലും മദ്രസയിലും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലും എത്തിയ നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറിനില്‍ക്കുന്നവരെ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍മരങ്ങള്‍ക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. ഉരുള്‍പൊട്ടല്‍ ശബ്ദം കേട്ട് പലരും വീട്ടില്‍ നിന്നും ഇറങ്ങി ഓടി. ഇവര്‍ കാട്ടിനുള്ളില്‍ ഉണ്ടെന്നാണ് നിഗമനം. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ പലരും കാട്ടിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാകും ഇന്ന് സൈന്യത്തിന്റെ പ്രഥമ പരിഗണന.

ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. ഉച്ചകഴിഞ്ഞ് സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.

കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ചൂരല്‍മലയില്‍ ഇനിയും ഒരുപാട് മൃതദേഹങ്ങളുണ്ടെന്നും പക്ഷേ തിരയാന്‍ വേണ്ട സജീകരണങ്ങളില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സന്നദ്ധസേവകര്‍ പറയുന്നു. 'അപകടമുണ്ടായ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണ്. വൈകുന്നേരം അഞ്ചര മണിക്കാണ് ഞങ്ങള്‍ക്കവിടെ എത്തിചേരാനായത്. പത്തോളം മൃതദേഹങ്ങള്‍ അവിടെ നിന്നും ലഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ പറയുന്ന സ്ഥലത്ത് തിരയുമ്പോഴെല്ലാം മൃതദേഹങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു.

32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുള്ളത്. ഇതില്‍ 18 ഓളം പേരെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് 7.30 വരെ കണ്ടെടുത്തതാണിവ. 19 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍, രണ്ട് ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്. രാവിലെ ആറ് മണി മുതല്‍തന്നെ പോത്തുകല്ല് ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തുടങ്ങിയിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച മുതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേയ്ക്ക് കടന്നിരുന്നു.

26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ എത്തിച്ച് നിലമ്പൂരില്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്.