തിരുവനന്തപുരം: ഡിജിപി അനിൽ കാന്ത് പറഞ്ഞിട്ടും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാൻ കേരളാ പൊലീസിന് കഴിയുന്നില്ല. സിഐയായ സൈജുവും ജയസനിലും ഒളിവിൽ തുടരുന്നു. ഇതിനിടെ സൈജുവിന് കോടതിയിൽ നിന്ന് കേസിൽ ജാമ്യം ഉറപ്പിക്കാനുള്ള കള്ളക്കളികളും പൊലീസിലെ സഖാക്കൾ ചെയ്തു കൊടുക്കുന്നു. എല്ലാ നിയമ സംവിധാനത്തേയും നാണംകെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നത്. പീഡനക്കേസിൽ ജാമ്യം നേടാൻ സൈജു വ്യാജ രേഖ ചമച്ചുവെന്ന കേസിൽ എഫ് ഐ ആറുമുണ്ട്. ഈ കേസെടുത്ത സാഹചര്യത്തിൽ സൈജുവിന്റെ ജാമ്യം റദ്ദാക്കാൻ കാട്ടക്കടയിലെ കോടതിയിൽ അപേക്ഷ നൽകിയ പ്രോസിക്യൂഷന് വൻ തിരിച്ചടിയാണ് കോടതിയിൽ നിന്ന് കിട്ടിയത്. കേസ് നന്നായി നടത്താത്തതാണ് ഇതിന് കാരണം. നെയ്യാറ്റിൻകര മേഖലയിലെ റിസോർട്ടിലാണ് സൈജു ഒളിവിൽ കഴിയുന്നതെന്നാണ് വസ്തുത. വ്യാജ രേഖാ കേസിലും സൈജുവിന് ജാമ്യം കിട്ടാൻ കള്ളക്കളികൾ നടക്കുന്നുണ്ട്. കാട്ടാക്കടയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ. ഇത്തരം ക്രിമിനലുകളെ വെറുതെ വിടുന്ന പൊലീസ് രാഷ്ട്രീയ വിരോധത്തിൽ ചില പൊലീസുകാരെ ബലിയാടുകളാക്കുന്നു.

പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പൊലീസിൽനിന്നു പിരിച്ചുവിട്ടത് രണ്ട് ദിവസം മുമ്പാണ്. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറാണ് നിർണായക നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു. ഇതിനൊപ്പം കളമശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽനിന്നും പിരിച്ചുവിട്ടു. സിപിഒ പി.എസ്. രഘുവിനെയാണ് പിരിച്ചുവിട്ടത്. വിവിധ ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്റ്റേഷനിൽ കോഫി വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ പ്രവാസിയിൽനിന്നും പണം വാങ്ങിയതിന് സസ്പെൻഷനിലായിരുന്നു. എന്നാൽ ഈ കേസിൽ രഘുവിനൊപ്പമാണ് ന്യായം. ഇൻസ്പെക്ടറായിരുന്ന പി.ആർ.സുനു ഉൾപ്പെടെ ആറുപേരെ അടുത്തിടെ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇവരെല്ലാം സിപിഎം രാഷ്ട്രീയത്തിന് എതിരായവരാണ്. ഇതാണ് പൊലീസിൽ അതൃപ്തി നിറയ്ക്കാൻ കാരണം. പൊലീസിലെ സിപിഎം സഖാക്കൾക്ക് ഇഷ്ടമാകാത്തവരെ എല്ലാം പിരിച്ചു വിടുന്ന അവസ്ഥ. സൈജുവിനും ജയസനലിനും ബാധകമാകാത്ത കാര്യങ്ങളാണ് രഘുവിനെ പോലുള്ളവർക്ക് വൈരാഗ്യ ആരോപണത്തിന്റെ പേരിൽ നടക്കുന്നത്.

കിട്ടിയ അവസരത്തിലൊക്കെ ജനങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിൽ എന്നും മിടുക്കനായിരുന്നു കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘു. കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവർക്കായി കോഫി വെന്റിംങ് മെഷീൻ സ്ഥാപിച്ച രഘുവിനെ സസ്പെൻഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റയുടെ നടപടിയും ഇടക്കാലം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതേ കുറ്റാരോപണത്തിലാണ് രഘുവിനെതിരെ നടപടി വരുന്നത്. 2022 മാർച്ച് ഒന്നിനാണ് പൊലീസ് സ്റ്റേഷനിൽ കോഫി വെന്റിംങ് മെഷീൻ സ്ഥാപിച്ചതിന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇത്തരമൊരു മെഷീൻ സ്ഥാപിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് രഘു പറഞ്ഞിരുന്നു. കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട് എന്നു പറഞ്ഞു രഘു തന്നെ ആ കഥ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും പൊലീസിലെ ഏമാന്മാരെ സ്വാധീനിച്ചില്ല. ഒടുവിൽ രഘുവിനെ പിരിച്ചു വിട്ടു.

സിഐയായ സൈജുവിന് പിന്നിൽ നിൽക്കുന്നത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവാണ്. തിരുവനന്തപുരം റൂറൽ പൊലീസിലെ അസോസിയേഷൻ നേതാവായിരുന്നു സൈജു. പീഡന കേസിൽ ജാമ്യം നേടാൻ വ്യാജ രേഖയുണ്ടാക്കിയെന്ന് പൊലീസ് എഫ് ഐ ആറിട്ട് കേസെടുത്തിട്ടും സൈജു സുരക്ഷിതനാണ്. അതേ കേരളാ പൊലീസിലാണ് വെൻഡിങ് മിഷിൻ വച്ച പൊലീസുകാരന് പിരിച്ചു വിടൽ നടപടി നേരിട്ടത്. പൊലീസ് അസോസിയേഷനിലെ സിപിഎം നേതാക്കൾക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെയെല്ലാം നടപടി വരാനുള്ള സാധ്യത ഏറെയാണ്. മറ്റൊരു കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് പറഞ്ഞാണ് സൈജുവിന് ആദ്യ പീഡന കേസിൽ ജാമ്യം നൽകിയത്. അതിന് ശേഷം മറ്റൊരു പീഡന കേസ് വന്നു. ഇതിനിടെ ജാമ്യം നേടിയത് വ്യാജ രേഖയുണ്ടാക്കിയാണെന്നും തെളിഞ്ഞു. പക്ഷേ കോടതിയിൽ ജാമ്യം റദ്ദാക്കൽ കേസ് എത്തിയപ്പോൾ വിധി സൈജുവിന് എതിരല്ലാതെയായി. സൈജുവിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന കോടതി വിധിയിൽ ചർച്ചകൾ തുടരുകയാണ്.

ഇതിനിടെയാണ് കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ 'അക്ഷയപാത്രം' എന്ന പേരിൽ സ്റ്റേഷനിലെത്തുന്നവർക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പൊലീസുകാരനെ സർവ്വീസിൽ നിന്ന് പുറത്താക്കുന്നത്. ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവർത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ വാർത്ത നൽകിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓപീസിൽ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റിൽ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചത്. പൊലീസ് കമ്മീഷ്ണറേറ്റിൽ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങളിൽ വാർത്തയായതുമാണ് കാരണം. അതിപ്പോൾ പിരിച്ചു വിടലുമാ.ി

സെക്രട്ടേറിയറ്റിന് മുന്നിൽ തല കുത്തി നിന്ന് സമരം

പറവൂർ സ്വദേശിയാണ് പി.എസ്.രഘു. ഇന്നത്തെ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരം പോലെ രഘുവിനും ഉണ്ട് ഓർമയിൽ ഒരുസമരകാലം. എറണാകുളം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരം നടത്തിയത്.

അന്ന് മൂന്നും നാലും വയസുള്ള മക്കളോടൊപ്പം സമരത്തിനെത്തിയ രഘു സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ തലകുത്തി നിന്നാണ് സമരം നടത്തിയത്. പൊരിവെയിലിൽ തലകുത്തി നിന്ന് സമരം ചെയ്യുന്ന അച്ഛന്റെ വിയർപ്പ് മക്കൾ തുടച്ചുമാറ്റുന്ന രംഗം കണ്ടുനിന്നവരെ കരയിക്കാൻ പോന്നതായിരുന്നു. സമരം രൂക്ഷമായതോടെ റാങ്ക് ലിസ്റ്റിലെ 95 പേർക്കും ഉമ്മൻ ചാണ്ടി സർക്കാർ നിയമന ഉത്തരവ് ഇറക്കി. അങ്ങനെ സമരം ചെയ്ത് നേടിയ പൊലീസ് ജോലി കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി കൂടി വിനിയോഗിക്കാൻ രഘു തീരുമാനിച്ചത് അന്നാവണം. തലകുത്തി നിന്ന് സമരം ചെയ്തു..തലയിൽ പൊലീസ് തൊപ്പ് നേടി എന്നൊക്കെയായിരുന്നു 2006 നവംബറിലെ വാർത്താ തലക്കെട്ടുകൾ

ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് പി.എസ്.രഘു. ലോക്ക് ഡൗൺ സമയത്ത് വിശക്കുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും ' എന്നൊരു ബോർഡ് ഈ പൊലീസ് സ്റ്റേഷന് മുന്നിൽ തൂക്കിയിരുന്നു. ദിവസം ആയിരത്തോളം പേർക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് വിശപ്പകറ്റിയിരുന്നത്.. 'മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും. വയറ് നിറയെ ഭക്ഷണം കൊടുത്തിരുന്നു. മുഴുവൻ തെരുവുനായകൾക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു.

ലോക്ഡൗൺ കാലത്താണ് കളമശേരി പൊലീസ് മിണ്ടാപ്രാണികൾക്ക് സഹായവുമായെത്തിയത്. ഹോട്ടലുകളും വ്യാപാരശാലകളുമില്ലാതെ തെരുവിൽ വിശന്നുവലഞ്ഞ നായകളെ പൊലീസിന്റെ കരുതൽ തുണച്ചു. കാക്കിക്കുള്ളിൽ ഇങ്ങനെയും ഒരു മനസുണ്ടെന്ന് മലയാളിയെ കാണിച്ചുതന്നു. പിടിപ്പതു പണിയുടെ ഇടയിലാണ് പൊലീസ് കരുണയുടെ കൈ നീട്ടിയത്. രഘു തന്നെയാണ് തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകാൻ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂർ ബസ്റ്റാൻഡ്, മണപ്പാട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കൾക്കുള്ള ഭക്ഷണവുമായി അന്ന് രഘുവെത്തി.

പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിക്ക് സഹായം

കോവിഡ് കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് രാത്രി പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്‌ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.

എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പൊലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. പിന്നീട് ഇരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു. പഴ്സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് ഡി.ജി.പിക്കുവേണ്ടി ഐജി വിജയ് സാക്കറെ രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്യാഷ് റിവാർഡും നൽകിയിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചിരുന്നു. കളമശ്ശേരിയിൽ വരുന്നതിന് മുൻപ് ഫോർട്ട് കൊച്ചി ടൂറിസം പൊലീസായിരുന്നപ്പോൾ മെക്സിക്കൻ യുവതിയെ പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് താമസ സ്ഥലത്തുകൊണ്ടു പോയതിനും എംബസിയുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.