ഡെഹറാഡൂണ്‍: ഉത്തരാണ്ഡിലെ തെഹ്രി ഗര്‍വാളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഗംഗയില്‍ വെള്ളപ്പൊക്കം. നദി കരകവിഞ്ഞതോടെ വീടുകളിലും വയലുകളിലും വെള്ളം കയറി. റോഡുകള്‍ക്കും പാലങ്ങള്‍ക്കും തകരാറുണ്ടായി. സംസ്ഥാനത്തെ ഉയര്‍ന്ന ഭാഗങ്ങളിലുളള നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ജാഖാന, തോലി, ഗെന്‍വാലി മേഖലകളില്‍ അര്‍ദ്ധരാത്രിയോടെ പെയ്ത കനത്ത മഴയാണ് ഗംഗയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വെള്ളം ഉയര്‍ന്നതോടെ, വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറിയെന്ന് ജില്ല മജിസ്‌ട്രേറ്റ് മയൂര്‍ ദീക്ഷിത്ത് പറഞ്ഞു.

ഗ്രാമങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഗംഗാനദിയോട് ചേര്‍ന്ന വീടുകളില്‍ താമസിക്കുന്നവരെ അതിവേഗം ഒഴിപ്പിച്ചതിനാല്‍ ആരെയും കാണാതായതായി റിപ്പോര്‍ട്ടില്ല. സന്യാസികളുടെ കുടിലുകള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി.

വെള്ളപ്പൊക്ക ബാധിത പ്രദേശത്തേക്ക് റവന്യു-പൊലീസ് സംഘങ്ങള്‍ കുതിച്ചെത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. പ്രദേശത്ത് താമസിക്കുന്നവര്‍ നദിതീരത്ത് നിന്ന് അകലം പാലിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു.

ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ ജലനിരപ്പ് അപകടകരമായ നിലയ്ക്ക് അടുത്താണ്. വെള്ളിയാഴ്ച ഋഷികേശിലെ ത്രിവേണി ഘട്ടില്‍ ഗംഗയുടെ ജലനിരപ്പ് 339.62 മീറ്ററായിരുന്നു. അപകടനിലയ്ക്ക് 88 മീറ്റര്‍ മാത്രം താഴെ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളില്‍ പെയ്യുന്ന കനത്ത മഴ വ്യാപകമായി നാശനഷ്ടം ഉണ്ടാക്കിയ ഡെഹ്‌റാഡൂണ്‍, ബാഗേശ്വര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിത്താള്‍, പിത്രോഗഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.