കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള സൗജന്യയാത്രാ പാസ് വിതരണം ചെയ്യാൻ വിമുഖതയെന്ന് പരാതി. പാസ് നൽകുന്നതിനായി അനുവദിച്ചിരിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ്. അതാകട്ടെ മൂന്നു മണിക്കൂറും. ഈ സമയപരിധി കഴിഞ്ഞാൽ ഒരു മിനുട്ടു പോലും ക്ഷമിക്കാൻ ഇവിടെയുള്ള ഉദ്യോഗസ്ഥൻ തയാറാകുന്നില്ലെന്നാണ് പരാതി.

വളരെയധികം ക്ലേശവും കഷ്ടപ്പാടും സഹിച്ചാണ് ഭിന്നശേഷിക്കാർ പാസ് എടുക്കാൻ എത്തുന്നത്. 90 ശതമാനം ഭിന്നശേഷിയുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. ബുധനാഴ്ച ദിവസം മാത്രമാണ് നിലവിൽ ഭിന്നശേഷിക്കാർക്കുള്ള പാസ് നൽകുന്നത്. ഇതിനായി നേരത്തേ തന്നെ വന്ന് സ്ഥാനം പിടിക്കണം. പാസ് നൽകുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അവഗണന നേരിടേണ്ടി വരുന്നുവെന്നാണ് പരാതി. ഡ്യൂട്ടി സമയം ഇവരിൽ ചിലർ സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നുവെന്നും പറയുന്നു. ഇതിനിടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി ഇൻഷുറൻസ് പോളിസി ചേർക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഭിന്നശേഷിക്കാർ പരാതിപ്പെടുന്നു. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് അടക്കം അച്ചടക്ക നടപടി നേരിടുന്ന ഉേദ്യാഗസ്ഥരാണ് ആരോപണ വിധേയർ.

പാസും അപേക്ഷഫോമും നൽകുന്നത് ബുക്കിങ് ഓഫീസ് വഴിയാക്കിയാൽ കൂടുതൽ സൗകര്യപ്രദമാകുമെന്ന് ഭിന്നശേഷി യാത്രക്കാർ പറയുന്നു.സീനിയർ ഡിവിഷണൽ കമേഴ്സ്യൽ മാനേജർ വേണം ഇതിന് തീരുമാനം എടുക്കാൻ. ഭിന്നശേഷിക്കാരാണെന്ന കാര്യം പോലും പരിഗണിക്കാതെ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന് മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്നുവെന്നാണ് ഇവരുടെ പരാതി. പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകാനൊരുങ്ങുകയാണ് യാത്രക്കാർ.