ജക്കാർത്ത: അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാതെ, വിതരണക്കാരന്റെ സുരക്ഷാ സർട്ടിഫിക്കറ്റിൽ മാത്രം വിശ്വാസമർപ്പിച്ച ഫാർമസ്യുട്ടിക്കൽ കമ്പനി ഉടമക്ക് അവസാനം ജയിൽ വാസം. അലി ഫാർമ എന്ന ഇന്തോനേഷ്യൻ ഫാർമസ്യുട്ടിക്കൽ കമ്പനിയുറ്റെ സി ഇ ഒയ്ക്കും മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കുമാണ് ഇന്തോനേഷ്യൻ കോടതി ജയിൽശിക്ഷ വിധിച്ചത്. അതോടൊപ്പം 1 ബില്യൺ ഇന്തോനേഷ്യൻ റുപ്പയ്യ പിഴ ഒടുക്കുകയും വേണം. 200 ൽ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവവുമായി ഈ കമ്പനി നിർമ്മിച്ച കഫ് സിറപ്പിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

വിശദ പരിശോധനയിൽ അപകടകരമായ എത്തിലിൻ ഗ്ലൈക്കോൾ എന്ന പദാർത്ഥം ഈ കഫ് സിറപ്പിൽ അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. പെയിന്റ്, ബ്രേക്ക് ഫ്ളൂയിഡ് എന്നിവയിൽ ഉപയോഗിക്കുന്ന പദാർത്ഥമാണിത്. സിറപ്പിലാണെങ്കിൽ സുരക്ഷിതമായ പ്രൊപ്പിലിൻ ഗ്ലൈക്കോൾ ആയിരുന്നു വേണ്ടിയിരുന്നത്. 2021 ഒക്ടോബറിനും 2022 ഫെബ്രുവരിക്കും ഇടയിലായിട്ടായിരുന്നു കമ്പനിക്ക് ഈ തെറ്റായ ചേരുവ ലഭിച്ചത്.

വിതരണക്കാരൻ നൽകിയ സേഫ്റ്റി സർട്ടിഫിക്കറ്റിൽ വിശ്വാസമർപ്പിച്ച കമ്പനി, ചേരുവകളുടെ ഗുണ നിലവാരമോ അതിന്റെ സവിശേഷതകളോ പരിശോധിക്കാൻ തയ്യാറായില്ല. അത്തരത്തിൽ, അസംസ്‌കൃത പദാർത്ഥങ്ങളും ചേരുവകളും പരിശോധിക്കണം എന്ന് കർശനമായി നിർദ്ദേശിക്കുന്ന നിയമമില്ല എന്നായിരുന്നു കമ്പനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

എന്നാൽ, കമ്പനി അറിഞ്ഞുകൊണ്ടു തന്നെ കുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത മരുന്ന് നിർമ്മിക്കുകയായിരുന്നു എന്നായിരുന്നു ജഡ്ജി പറഞ്ഞത്. ഈ വിഷലിപ്തമായ കഫ് സിറപ്പ് കഴിച്ച് വൃക്ക രോഗങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇന്തോനേഷ്യയിൽ 200 ൽ അധികം കുട്ടികളായിരുന്നു മരണമടഞ്ഞത്. സമാനമായ സംഭവങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, ഇന്ത്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ചില കഫ് സിറപ്പുകൾ സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികൾക്ക് ഇവ പ്രത്യേകിച്ച് ദോഷം ചെയ്യുമെന്നും മുന്നറിയിപ്പിൽ ഉണ്ടായിരുന്നു. മാത്രമല്ല, ഇത്തരം ഔഷധ നിർമ്മാണവേളയിൽ, പ്രത്യേകിച്ച് കുട്ടികൾക്കുള്ള ഔഷധങ്ങൾ നിർമ്മിക്കുമ്പോൽ ശക്തമായ സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തിരുന്നു.