പത്തനംതിട്ട: തന്റെ ബിൽഡിങ് മറയത്തക്ക വിധം സിപിഎം നേതാക്കൾ വെയിറ്റിങ് ഷെഡ് നിർമ്മിച്ചതിൽ മനം നൊന്ത് നേതാക്കളുടെ പേര് എഴുതി വച്ച ശേഷം സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്തു. റാന്നി പെരുനാട കണ്ണനുമൺ മഠത്തുംമൂഴി ബാബു (68) ആണ് ജീവനൊടുക്കിയത്. സിപിഎം ജില്ലാ കമ്മറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പിഎസ് മോഹനൻ, 13-ാം വാർഡിൽ നിന്നുള്ള സിപിഎമ്മിന്റെ പഞ്ചായത്തംഗം ശ്യാം, സപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

കുറിപ്പ് ബാബുവിന്റേത് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് പറയുമ്പോൾ കൈയക്ഷരം ഭർത്താവിന്റേത് തന്നെയാണെന്ന് ഭാര്യ തറപ്പിച്ചു പറയുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മടത്തും മുഴി പള്ളിയുടെ സ്ഥലത്തുള്ള ഒരു മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്.

ലോക്കൽ സെക്രട്ടറി റോബിൻ അടക്കമുള്ള സിപിഎം നേതാക്കൾ തന്നെയാണ് മൃതദേഹം അഴിച്ചിറക്കിയതും അനന്തര നടപടികൾ സ്വീകരിച്ചതും. ഇതിന് ശേഷം പതിനൊന്നരയോടെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നത്.
ബാബുവിന് മഠത്തുംമുഴിയിൽ ഒരു ബിൽഡിങ് ഉണ്ട് ആയത് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. അതിന് മുന്നിൽ സിപിഎമ്മിന്റെ ഒരു വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നു. ഇത് പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്. വെയിറ്റിങ് ഷെഡ് വന്നാൽ ബിൽഡിങ് മറയും. ഇതേച്ചൊല്ലി തർക്കം ഉണ്ടായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെയിറ്റിങ് ഷെഡ് നവീകരിക്കാൻ തീരുമാനിച്ചപ്പോൾ ബാബു എതിർപ്പുമായി രംഗത്തു വന്നു. തന്റെ കട മറയുമെന്നും മാറ്റി സ്ഥാപിക്കണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു. കോട്ട പ്രഭുറാം മിൽസ് ജീവനക്കാരനായ ബാബു ജോലിയിൽ നിന്ന് വിരമിച്ച ശേഷം വാടക കെട്ടിടത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്.

ഇവിടെ തർക്കം വന്നപ്പോൾ റാന്നി തഹസിൽദാർ ഇടപെട്ട് സർവേ നടത്തി. വെയിറ്റിങ് ഷെഡ് കടയുടെ മുന്നിൽ നിന്ന് മാറ്റണമെന്നും പകരം റോഡ് സൈഡിൽ തന്റെ വസ്തു വെയിറ്റിങ് ഷെഡിന് വേറെ നൽകാമെന്നും ബാബു പറഞ്ഞിരുന്നു. ഇരുകൂട്ടരുമായി ചർച്ചയും നടന്ന് ധാരണയിലെത്തിയെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞത്. ആ ധാരണ പ്രകാരം തന്നോട് ലക്ഷങ്ങൾ കോഴ ആവശ്യപ്പെട്ടുവെന്നാണ് ബാബുവിന്റെ കത്തിൽ നിന്ന് മനസിലാകുന്നത്. പിഎസ് മോഹനൻ മുമ്പും നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുള്ളയാളാണ്.