ന്യൂഡല്‍ഹി: ഇന്ത്യയെ തളര്‍ത്താനും തകര്‍ക്കാനും പാകിസ്ഥാനും ചൈനയും പരസ്പര സഹായ സംഘങ്ങളായി പ്രവര്‍ത്തിച്ചു വരവേ പ്രതിരോധ ബജറ്റില്‍ തുച്ഛമായ വര്‍ദ്ധന മാത്രം. കഴിഞ്ഞ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് തുച്ഛമായ 4.8 ശതമാനം വര്‍ദ്ധന മാത്രം.

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലെ പോലെ തന്നെ മൊത്തം പ്രതിരോധ ബജറ്റ് 6.2 ലക്ഷം കോടിയാണ്. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിയും, ഉപഭൂഖണ്ഡത്തില്‍, ഇന്ത്യയെ തറ പറ്റിക്കാന്‍ പാകിസ്ഥാന്റെ സൈനികശേഷി കൂട്ടാനായി ഷി ജിന്‍ പിങ്ങും കൂട്ടരും പരിശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇതുപോരാ എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

സൈന്യത്തിന്റെ ആധുനികവത്കരണത്തിന് മൂലധന ചെലവ് പ്രതീക്ഷിക്കുന്നത് 1.7 ലക്ഷം കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ പരിഷ്‌കരിച്ച എസ്റ്റിമേറ്റിനേക്കാള്‍ 9.4 ശതമാനം വര്‍ദ്ധന. എന്നാല്‍ 14 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് വേതനത്തിനും സൈന്യത്തിന്റെ ദൈനംദിന ചെലവുകള്‍ക്കും അടക്കം റവന്യു ചെലവ് 2.8 ലക്ഷം കോടിയാണ്. മൂലധന ചെലവിനെ അപേക്ഷിച്ച് വലിയ വര്‍ദ്ധന.

32 ലക്ഷത്തോളം വരുന്ന വിമുക്തഭടന്മാര്‍ക്കുള്ള പ്രതിരോധ പെന്‍ഷനായി വകയിരുത്തിയ 1.4 ലക്ഷം കോടി കൂടി കണക്കിലെടുത്താലും
2024-25 ലെ ജിഡിപിയുടെ 1.9 ശതമാനം മാത്രമേ ആകെ പ്രതിരോധ ചെലവിന് നീക്കി വച്ചിട്ടുള്ളു. പെന്‍ഷന്‍ ബില്‍ ഒഴിവാക്കിയാല്‍ 1.9 ശതമാനം 1.5 ശതമാനമായി ചുരുങ്ങും. ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണി കൈകാര്യം ചെയ്യാന്‍ പ്രതിരോധ ചെലവിന് 2.5 ശതമാനമെങ്കിലും വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2024-25 ലെ ആകെ കേന്ദ്ര ബജറ്റിന്റെ 12.9 ശതമാനമാണ് പ്രതിരോധ വിഹിതമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെടുന്നു. സൈന്യത്തിന്റെ മൂലധനച്ചെലവായ 1.7 ലക്ഷം കോടിയില്‍ ഒരുലക്ഷം കോടിയിലേറെ( 75 %) ആഭ്യന്തരതലത്തിലെ ആയുധസംഭരണത്തിന് ആയതിനാല്‍ ആത്മനിര്‍ഭര്‍ പദ്ധതിക്ക് അത് കൂടുതല്‍ കുതിപ്പേകും. ജിഡിപിയിലും തൊഴില്‍ സൃഷ്ടിയിലും, മൂലധന രൂപീകരണത്തിലുമെല്ലാം അത് പ്രതിഫലിക്കും.

ചൈനയുമായുള്ള 3488 കിലോമീറ്റര്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഭീഷണി തുടരുന്നതിനിടെ കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്് ( ബി ആര്‍ ഒ) 30 ശതമാനം വിഹിത വര്‍ദ്ധനയുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗതിവേഗം കൂടുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം, ലഡാക്കില്‍ 13,700 അടി ഉയരത്തിലുള്ള ന്യോമ വ്യോമതാവള വികസനം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഏറ്റവും ദക്ഷിണഭാഗത്തുള്ള പഞ്ചായത്തിലേക്ക് സ്ഥിരം പാലം, ഹിമാചലിലെ ഷിന്‍കുന്‍ ലാ ടണല്‍ (4.1 കിലോമീറ്റര്‍), അരുണാചലിലെ നെച്ചിഫു ടണല്‍ തുടങ്ങിയവയും ഈ വിഹിതത്തില്‍ നിന്നാവും ചെലവഴിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.