തിരുവനന്തപുരം:' ഞാൻ മരിച്ചു പോകും സാർ. എന്റെ കുഞ്ഞിനെ നന്നായി നോക്കണം എന്ന് എന്റെ അടുത്തവരോട് പറയണം.' 18 വർഷം മുൻപ് നടന്ന ഒരു സംഭവം ഓർത്തെടുക്കുകയാണ് പ്രമുഖ ഡോക്ടർ എം. അർഷദ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. അർഷദിന്റെ ഓർമക്കുറിപ്പ്.

കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണ യും (21) പെൺകുഞ്ഞുമാണ് മരിച്ചത്. ഡോക്ടർമാരുടെ ചികിത്സാ പിഴവിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചു. പൊലീസ് കേസെടുത്തു. എന്നാൽ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവല്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തി. സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും കാലതാമസമോ ചികിത്സാ പിഴവോ ഇല്ലെന്നും കമ്മീഷൻ വിലയിരുത്തി. അപർണയുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയുന്നതായി കണ്ടത് ശസ്ത്രക്രിയ തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രെഗ്‌നൻസിയുടെ ഒരു അപൂർവ കോംപ്ലിക്കേഷൻ ആയ peripartum cardiomyopathy എന്ന ഹൃദയ ഭിത്തിയെ ഇല്ലാതാക്കുന്ന ഈ അസുഖത്തിൽ 18 വർഷം മുൻപ് മരിച്ചു പോയ പെൺകുട്ടിയുടെ അനുഭവം ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോ.എം. അർഷദ് ഹൃദയത്തിന്റെ ഭാഷയിൽ കുറിക്കുകയാണ്. കാര്യമറിയാതെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ക്രൂശിതരാക്കിയ സമൂഹത്തെയും മാധ്യമങ്ങളെയും അദ്ദേഹം മരിച്ചു പോയ പെൺകുട്ടിയുടെ അനുഭവം ഓർമ്മിപ്പിക്കുന്നു. ഡോ. അർഷദിന്റെ കുറിപ്പ് ചുവടെ.

'ഞാൻ മരിച്ചു പോകും സർ, എന്റെ കുഞ്ഞിനെ നന്നായി നോക്കണം എന്ന് എന്റെ അടുത്തവരോട് പറയണം.' 18 വർഷം മുൻപാണ്. തിരുവനന്തപുരത്തു ഒരു major ഹോസ്പിറ്റലിൽ കാർഡിയോളജി റെജിസ്ട്രർ ആയിരുന്നു അന്ന്. രാവിലെ നോർമൽ ഡെലിവറി കഴിഞ്ഞ 20 കഴിഞ്ഞ പെൺകുട്ടിയാണ് ലേബർ റൂം റിക്കവറി ഏരിയയിൽ .' ഡോക്ടർ, ആൾക്ക് ഒരു വല്ലാത്ത പരവേശം - 10 മിനിറ്റ് ആയി.' എമർജൻസി കാൾ ആയി ബന്ധപ്പെട്ട സിസ്റ്റർ അറിയിച്ചതനുസരിച്ചു പെട്ടെന്ന് എത്തിയതായിരുന്നു ഞാൻ.

പെട്ടെന്നുള്ള പരിശോധനയിൽ ഹൃദയ മിടിപ്പ് വല്ലാതെ കൂടുതൽ ആയി കണ്ടു. എങ്കിലും അശുഭകരമായി ഒന്നും തോന്നിയില്ല. പക്ഷെ അഞ്ചു മിനുട്‌സ് ഉള്ളിൽ കാര്യങ്ങൾ മാറാൻ തുടങ്ങി. ഹൃദയം പരാജയപെടുന്നതിന്റെ നേരിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അവരുടെ ജീവിക്കാനുള്ള മോഹം വല്ലാണ്ട് നോവിക്കാൻ തുടങ്ങി. പെട്ടെന്ന് ഡ്യൂട്ടി കാർഡിയോളോജിസ്റ്റിനെ ഫോൺ ചെയ്തു. അദ്ദേഹം ഉടനെ എത്തി. അപ്പോഴേക്കും ബ്ലഡ് പ്രഷർ ചെറുതായി താഴ്ന്നു തുടങ്ങിയിരുന്നു. അതിനുള്ള മരുന്നുകൾ തുടങ്ങി. എക്കോ റിപ്പോർട്ട് വളരെ മോശം ആയിരുന്നു. ഞങ്ങളുടെ എല്ലാം മനസു പോലെ മരവിച്ചു പോയ ഹൃദയ പേശികൾ. ഹൃദയത്തിന്റെ പമ്പിങ് കപ്പാസിറ്റി 25% ത്തിനും താഴെ.

ഓരോ നിമിഷവും മരണത്തിലോട്ടു കടന്നു പോയ ആ സ്ത്രീയെ ഒരു വട്ടം എങ്കിലും തിരിച്ചു കരയിലടുപ്പിക്കാൻ ഞങ്ങളുടെ ശ്രമങ്ങൾക്കോ മരുന്നുകൾക്കോ ഒട്ടും ആയില്ല. കുറെ ദിവസം എടുത്തു ഞങ്ങൾക്കെല്ലാം ആ സംഭവത്തിലെ നിന്ന് മാനസികമായി കരകയറാൻ. പ്രെഗ്‌നൻസിയുടെ ഒരു അപൂർവ കോംപ്ലിക്കേഷൻ ആയ Peripartum cardiomyopathy എന്ന ഹൃദയഭിത്തിയെ ഇല്ലാതാകുന്ന ആ അസുഖത്തിൽ നഷ്ടപെട്ട ആ കുട്ടിയുടെ ശബ്ദം ചെവിയിൽ എപ്പോഴൊക്കെയോ മുഴങ്ങാറുണ്ട്, ഇപ്പോഴും.

രണ്ടു ദിവസം മുൻപ് ഈ പത്ര വാർത്ത യിൽ വീണ്ടും ആ ശബ്ദം കേൾക്കേണ്ടി വന്നു. നിരാശനും നിരാലംബനും ആയ ആ ഭർത്താവിന്റെ ചിത്രം കൂടെ അതിലുണ്ട്. താഴെ കുറ്റക്കാരായി ആ മെഡിക്കൽ ടീം നെ വളരെ ലാഘവത്തോടു കൂടി അതിൽ ചിത്രീകരിച്ചിട്ടുമുണ്ട്. മനസ്സിൽ എവിടെയോ ഒക്കെ തട്ടിയത് പോലെ. ആ ടീം നെ നേരിട്ടറിയില്ലെങ്കിലും ഞാനും ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ഞാൻ മാത്രമല്ല, ഒരു പ്രാവശ്യം എങ്കിലും Peripartum cardiomyopathy ചികിത്സിച്ചിട്ടില്ലാത്ത, അതിന്റെ രൗദ്രതയിൽ പൊള്ളിയിട്ടില്ലാത്ത ഒരു കാർഡിയോളജിസ്‌റ്റോ ഒരു കാർഡിയാക് സെന്റർ ഓ കാണുമെന്നു ഞാൻ കരുതുന്നില്ല. 2 പതിറ്റാണ്ടിനിപ്പുറവും ഏറ്റവും മരണ നിരക്കുള്ള ഈ അസുഖത്തിന്റെ മരണ നിരക്കിലും വലിയ വ്യത്യാസം ഒന്നും കാണുന്നുമില്ല.

പ്രീഡിഗ്രി സെക്കന്റ് ഇയർ ആയിരുന്നു പ്രിയപ്പെട്ട ഉമ്മുമ്മയുടെ മരണം. എപ്പോൾ കണ്ടാലും പുതിയ തുട്ടുകളും ചെറിയ നോട്ടുകളും, രുചിയുള്ള ഭക്ഷണവും ഒക്കെ ഞങ്ങൾ ചെറുമക്കൾക്കു വീതിച്ചു തരുന്ന ഏറ്റവും സ്‌നേഹം ഉള്ള എന്റെ ഉമ്മുമ്മ. പെട്ടെന്ന് ഉമ്മുമ്മക്ക് അസുഖം കൂടി. ഉമ്മുമ്മയുടെ ഇഷ്ട Physician നെ തന്നെ കണ്ടു . Iccu അഡ്‌മിഷൻ വേണമെന്ന് പറഞ്ഞു. ഡിസ്ചാർജ് പ്ലാൻ ചെയ്ത സമയത്തു ഉമ്മുമ്മ പെട്ടെന്ന് അബോധവസ്ഥയിൽ ആയി. അങ്ങനെ ആണ് ഉമ്മുമ്മ പോയത്. എന്താണ് മരണ കാരണം? ആർക്കും അത്ര വ്യക്തത ഇല്ല. വലിയൊരു ബന്ധുബലത്തിനു ഒട്ടും സഹിക്കാൻ കഴിഞ്ഞതും ഇല്ല. കുട്ടികളെല്ലാം വളരെ സങ്കടത്തിൽ ആയി അറിഞ്ഞു വന്ന ആളുകളിൽ പലരും പറഞ്ഞു. ചികിത്സയിൽ എന്തോ പറ്റിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യണം. മുതിർന്ന വിവേകശാലികളിൽ ആരോ പറഞ്ഞു, ഒന്നും വേണ്ട, ആള് പോയില്ലേ. ദൈവത്തിനു വിട്ടു കൊടുക്കാം.

എങ്കിലും മനസ്സിൽ ഒരു കനലായി വർഷങ്ങളോളം അത് എരിഞ്ഞു നിന്ന്. എന്തായിരിക്കാം സംഭവിച്ചിട്ടു ഉണ്ടാകുക? ഹോസ്പിറ്റൽ, ഡോക്ടർ ഒക്കെ തെറ്റുകാരല്ലേ? Mbbs ക്ലിനിക്കൽ പോസ്റ്റിങ്ങ് തുടങ്ങിയപ്പോൾ ഉമ്മുമ്മയുടെ മരുന്നിന്റെ ചെറിയ പെട്ടി ഓർമ വന്നു. വെളുത്ത കവർ ചെയ്ത ചെറിയ ഗുളികകൾ. Lasix, Digoxin തുടങ്ങിയവ Heart failure ന്റെ Treatment ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ആ വെളുത്ത കാൽ പടത്തിലെ നീരും, ചെറിയ കിതപ്പും ഒക്കെ Heart failure ന്റെ ആയിരുന്നു എന്ന് മനസിലാക്കാനും പാട് പെട്ടില്ല . Sudden cardiac death (SCD) ആയിരിക്കാം ഉമ്മുമ്മക്ക് സംഭവിച്ചിരിക്കുക എന്ന് പിന്നെയും കുറച്ചൂ നാളുകൾ കഴിഞ്ഞു മനസിലായി. എങ്കിലും മനസ്സിൽ കൂട്ടിയിട്ട അനാവശ്യ കനലുകൾ അണഞ്ഞപ്പോൾ ഒരു സംത്യപ്തി തോന്നി എന്നുള്ളത് സത്യം.

Mr. റിപ്പോർട്ടർ. നിങ്ങൾ ഈ ചെയ്തത് വളരെ തെറ്റാണു. നിങ്ങളുടെ ജോലിയുടെ എത്തിക്‌സ് നോട് ഒട്ടും ചേർന്ന് നിൽക്കാത്ത പ്രവർത്തി. ഒരു തരം professional negligence. ഒരൊറ്റ ക്ലിക്കിൽ ശാസ്ത്രം അരികത്തു വരുന്ന ഇക്കാലത്തു ഏറ്റവും മോശമായ രീതിയിലുള്ള ജേർണലിസം. പ്രിയപ്പെട്ട ആളെ അസുഖത്തിലല്ല, മറ്റാരുടെയോ കയഅബദ്ധത്തിൽ നഷ്ടപെട്ടോ എന്ന് ജീവിതകാലം മുഴുവൻ ആ പാവത്തെ വ്യഥയിൽ നിർത്താൻ മാത്രമേ നിങ്ങളുടെ ഈ psuedosympathy കൊണ്ട് കഴിയൂ. അതോടൊപ്പം എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ കഴിയാതെ സ്വന്തം patient പോയതിൽ വിഷമത്തിലായ ഒരു ടീം ന്റെ മുറിവിനു ഒന്ന് കൂടെ ആഴത്തില് കുത്താനും കഴിഞ്ഞു. ഒരു കാര്യം ഉറപ്പു. ഇപ്പോൾ തന്നെ നിങ്ങൾ ഈ കാര്യം മറന്നു കാണും. പക്ഷെ ആ രണ്ടു പേരും ജീവിതാവസാനം വരെ ഈ മുറിവ് പേറി നടക്കും. Well done.

Dr. Arshad M