കോട്ടയം: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപുഴയാറിൽ
കുളിക്കാനിറങ്ങിയ മൂന്നു പേർ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത് ഞായറാഴ്ചത്തെ സങ്കട വാർത്തയാണ്. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം തിരച്ചിലിൽ കണ്ടെത്തി. നിലവിൽ മൃതദേഹം തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. വെള്ളൂരിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

യുകെ മലയാളികൾക്കും സങ്കടദിനം

രണ്ടാഴ്ചമുമ്പ് മരണം നടന്ന കുടുംബത്തിലേക്കാണ് വീണ്ടും കൂട്ട മരണമെത്തിയത്. യുകെയിൽ കവൻട്രി മലയാളിയായ ജോബി മത്തായിയുടെ ഭാര്യ സൗമ്യ, സഹോദരൻ അത്യാസന്ന നിലയിൽ ആയെന്നറിഞ്ഞാണ് നാട്ടിൽ എത്തിയത്. സഹോദരന്റെ മരണം സംഭവിച്ചതിനെ തുടർന്ന് ജോബിയും മക്കളും യുകെയിൽ നിന്നും നാട്ടിൽ എത്തുക ആയിരുന്നു. ഇന്നലെ ജോബിയുടെ സഹോദരൻ അടക്കം ഉള്ള കുടുംബത്തിലെ ഏഴു പേര് മൂവാറ്റുപുഴയാറിൽ കുളിക്കാൻ എത്തിയതോടെ മറ്റൊരു അത്യാഹിതം കൂടി കുടുംബത്തെ തേടി എത്തുക ആയിരുന്നു.

ജോബിയുടെ സഹോദരൻ ജോൺസൻ (56), സഹോദരിയുടെ മകൻ പൂച്ചക്കാട്ടിൽ അലോഷി (16), ജോബിയുടെ മകൾ ജിസ്‌മോൾ (15) എന്നിവരാണ് മൂവാറ്റുപുഴയാറിലെ ദുരന്തത്തിൽ മുങ്ങി മരിച്ചത്. ഇതിൽ ജോൺസന്റെയും അലോഷിയുടെയും മൃതദേഹം വേഗത്തിൽ കണ്ടെത്താനായെങ്കിലും ജിസ്‌മോളുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് കണ്ടെത്താനായത്.

വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിലാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. സുനിയുടെ മകനാണ് മരിച്ച അലോഷി. . മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

അരയൻകാവ് മുണ്ടക്കൽ കുടുംബത്തെ തേടിയാണ് അപ്രതീക്ഷിതമായ ഈ ദുരന്തവാർത്ത എത്തിയത്.