തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി. തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നത്. ഒളിവിലിരുന്നുകൊണ്ടാണ് കെപിസിസിക്ക് എൽദോസ് വിശദീകരണം നൽകിയത്. കെപിസിസി ഓഫീസിൽ വക്കീൽ മുഖാന്തരം കുറിപ്പ് എത്തിക്കുകയായിരുന്നു.

പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എൽദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നൽകിയ മറുപടിയിൽ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നൽകിയിട്ടുണ്ട്.

ഒളിവിലിരിക്കുന്നത് അനാവശ്യ ചർച്ചകൾ ഒഴിവാക്കാനാണെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നെ പുറത്തുവന്നാൽ അറസ്റ്റിനെ കുറിച്ചടക്കമുള്ള കാര്യങ്ങൾ ചർച്ചയാവുമെന്നും എൽദോസ് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ച ശേഷം പുറത്തുവരുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എൽദോസ് പറയുന്നുണ്ട്.

എൽദോസ് കുന്നപ്പിള്ളിയുടെ വിശദീകരണ കുറിപ്പ് ലഭിച്ചതായി കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സ്ഥിരീകരിച്ചു. കത്ത് പരിശോധിച്ചിട്ടില്ലെന്നും കെപിസിസി ഓഫീസിലെത്തി പരിശോധിച്ച ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. 

എംഎൽഎയുടെ മറുപടി വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ച്, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എൽദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണം നോക്കിയായിരിക്കും നടപടിയെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം, എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് വിധി പറയും. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി. ഉത്തരവ് പറയുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാനിടയില്ല.

കൂടുതൽ പേർ ഉൾപ്പെട്ടതും, ഗൂഢാലോചനയും ഉൾപ്പടെ അന്വേഷിക്കാനുണ്ടെന്നും ജാമ്യം നൽകരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.

അതിനിടെ, എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിൽ പരാതിക്കാരിയുമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഇവിടെയെത്തിച്ചും എംഎൽഎ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിന് പിന്നാലെ കളമശേരിയിലെ ഒരു വീട്ടിലും യുവതിയുമായി തെളിവെടുപ്പ് നടത്തും.