കൊച്ചി: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ നീക്കം നടത്തുന്നവെന്ന വാർത്ത അനൗദ്യോഗികമായി നിഷേധിച്ച് ഇൻഡിഗോ എയർലൈൻസ്. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് തന്നോട് വിമാനകമ്പനി ആവശ്യപ്പെട്ടുവെന്ന് ഇപി ജയരാജൻ പറഞ്ഞിരുന്നു. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടതെന്നും രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ.പി മറുപടി നൽകിയെന്നുമായിരുന്നു വാർത്ത. എന്നാൽ ഇതേ കുറിച്ച് അറിയില്ലെന്നാണ് ഇൻഡിഗോയിലെ ഉന്നതൻ പ്രതികരിച്ചത്. ഇതോടെ ഇപിയുടെ അവകാശ വാദം ശരിയാണോ എന്ന സംശയം ഉയരുകയാണ്.

ഒരു ഉന്നത ഉദ്യോഗസ്ഥ ഫോണിൽ വിളിച്ചുവെന്നും തങ്ങളുടെ പ്രമുഖ ഉപഭോക്താവാണ് താൻ എന്ന് പറഞ്ഞുവെന്നും ഇപി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇ.പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നാണ് ഇ.പി പറഞ്ഞത്. . തുടർന്ന്, ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പിക്കെതിരായ ആരോപണം. ഇതിന് പിന്നാലെ താൻ ഇൻഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്‌കരിക്കുന്നതായി ഇ പി ജയരാജനും അറിയിക്കുകയായിരുന്നു. ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്കും വന്നു. മൂന്നാഴ്ചയായിരുന്നു വിലക്ക്. ഇതിന് ശേഷം പല വിവാദങ്ങളിലും ഇപി പെട്ടു. നന്ദകുമാറിന്റെ അമ്മയുടെ ജന്മദിന ചടങ്ങിലെത്തിയത് വിവാദമായി. ഇങ്ങനെ വിവാദങ്ങൾക്കിടയിലൂടെ നീങ്ങുമ്പോഴാണ് ഇൻഡിഗോയിൽ നിന്നും വിളി വന്നുവെന്ന് ഇപി അറിയിച്ചത്.

ഇതിനോടാണ് ഔദ്യോഗികമായി ആരും ഒന്നും ഇപിയോട് പറഞ്ഞിട്ടില്ലെന്ന് ഇൻഡിഗോ സൂചന നൽകുന്നത്. ഇത്തരമൊരു പതിവ് ഒരു വിമാന കമ്പനിയും ചെയ്യാറില്ലെന്നും പറയുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥർ എന്തെങ്കിലും ഫോണിൽ പറഞ്ഞെങ്കിൽ തന്നെ അത് കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന. തൽകാലം ഈ വിവാദത്തിന് പിന്നാലെ ഇല്ലെന്നതാണ് വിമാന കമ്പനിയുടെ നിലപാട്. അതുകൊണ്ട് തന്നെ പരസ്യ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുമില്ല. ഇപി ബഹിഷ്‌കരിക്കുന്നുണ്ടെങ്കിലും മറ്റ് രാഷ്ട്രീയക്കാരെല്ലാം ഇൻഡിഗോ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂൺ 13ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിമാന സഞ്ചരിച്ചിരുന്ന ഇപി ജയരാജൻ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തതിനെ തുടർന്നാണ് വിലക്ക് ലഭിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജൻ ഉന്നയിച്ചത്. എന്നാൽ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ വാദം.

ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആർ.എസ് ബസ്വാന അധ്യക്ഷനായ സമിതിയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെയാണ് ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് ഇടതുമുന്നണി കൺവീനർ പ്രഖ്യാപിച്ചത്.