ദിണ്ടിഗൽ (തമിഴ്‌നാട്): തുടർച്ചയായ വിലയിടിവിനെ തുടർന്ന് കർഷകർ തക്കാളി പഴങ്ങൾ റോഡിൽ തള്ളുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വില ഇടിഞ്ഞത്. 14 കിലോ ഭാരമുള്ള ഒരു പെട്ടിക്ക് 50 മുതൽ 100 രൂപക്ക് വരെയാണ് വില്പന നടന്നിരുന്നത്. ഇന്ന് 50 മുതൽ 80 രൂപ വരെയായി വില താഴ്ന്നു.

വേനൽ മഴ ശകതമായതോടെ തക്കാളി പഴങ്ങളിൽ കേടു പാടുകളും അഴുകലുമുണ്ടായിട്ടുണ്ട്. ഇതിന് പുറമെ ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് തക്കാളിയുടെ വരവും വർധിച്ചിട്ടുണ്ട്. ഇതുമൂലം വില വീണ്ടും കുറയുകയും ചെയ്തതാണ് വിളവെടുത്ത തക്കാളി പഴങ്ങൾ റോഡിൽ തള്ളാൻ കർഷകരെ പ്രേരിപ്പിച്ചത്.

ഉല്പാദനത്തിനും മറ്റും ഭീമമായ തുക മുടക്കി കൃഷി ചെയ്ത് വാഹനങ്ങളിൽ കയറ്റി വിപണിയിലെത്തിച്ചിട്ടും കൃത്യമായ വില കർഷകർക്ക് ലഭിക്കുന്നില്ല. അയ്യലൂർ മാർക്കറ്റിനു സമീപം റോഡരികിൽ തക്കാളിയുടെ വൻ കൂമ്പാരങ്ങളും കാണാം. അയ്യലൂരിൽ തക്കാളി സംസ്‌കരണത്തിനായി ഫുഡ് പാർക്ക് നിർമ്മാണം ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്. ഫുഡ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിൽ മാത്രമേ വില കുറയുന്ന സമയത്ത് തക്കാളി സംസ്‌കരിച്ച് സൂക്ഷിക്കാൻ കഴിയൂ.

ഡിണ്ടിഗൽ ജില്ലയിലെ വടമധുര, അയ്യലൂർ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ തക്കാളി കൃഷി ചെയ്യുന്നത്.തോട്ടങ്ങളിൽ വിളയിച്ച തക്കാളി അയ്യലൂർ ലേല വിപണിയിലെത്തിച്ചാണ് വിൽപന നടത്തുന്നത്.ഇവിടെ നിന്നുമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കും കേരളത്തിലേക്കും തക്കാളി എത്തുന്നത്. പ്രതിദിനം 15 ടണ്ണോളം തക്കാളിയാണ് ഇവിടെ വിറ്റഴിക്കുന്നത്.