കാസർകോട്: മകൻ കരൾ പകുത്ത് നൽകിയിട്ടും പിതാവ് ബാലനെ രക്ഷപ്പെടുത്താനായില്ല. പാറപ്പള്ളി കുമ്പളയിലെ ബാലൻ (55) ആണ് മരണത്തിന് കീഴടങ്ങിയത്. കരൾമാറ്റശസ്ത്രക്രിയ നടത്തി അച്ഛനും മകൻ അർജുനും സുഖമായി ഇരിക്കുന്നുവെന്ന സന്തോഷവാർത്ത വന്നതിന് പിന്നാലെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി, ബാലൻ യാത്രയായത്.

കരൾ മാറ്റിവച്ചാൽ മാത്രമേ ജീവിതം തിരിച്ചു കിട്ടുകയുള്ളുയെന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് മകൻ അർജുൻ കരൾ നൽകാൻ മുന്നോട്ടു വന്നത്. കരൾമാറ്റശസ്ത്രക്രിയയ്ക്ക് 40 ലക്ഷത്തോളം രൂപ ചെലവായി. ഭാരിച്ച ചെലവിനെ കുറിച്ച് നാട്ടുകാർക്ക് ആലോചിച്ചു നിൽക്കാൻ സമയമില്ലായിരുന്നു.

പച്ചക്കറി ചലഞ്ചു ആയും, മീൻ കച്ചവടം നടത്തിയും, വണ്ടി കഴുകിയും, ബസ്സ് യാത്രനടത്തിയും, നാട്ടിലും ലോകത്തെമ്പാടുമുള്ള നാട്ടുകാരായ ചെറുപ്പക്കാരുടെ സഹായവും എല്ലാം കൂടി ആ ഉദ്യമം മുന്നോട്ട് പോയിരുന്നു. അതിനിടയിലാണ് നാടിനെ കണ്ണീരിലാഴ്‌ത്തികൊണ്ട് ബാലൻ യാത്രയായത്. കണ്ണന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അശ്വതി.സഹോദരങ്ങൾ: കുഞ്ഞിരാമൻ, അമ്പു, ബാബു, കൃഷ്ണൻ, പരേതനായ നാരായണൻ.