കൊച്ചി: കേരളം വീണ്ടും പകർച്ചപനിയുടെ ഭീതിയിൽ. നാലുദിവസത്തെ പനിയും നാലാഴ്ച നീളുന്ന ശ്വാസംമുട്ടലും വലിവും ആണ് ലക്ഷണങ്ങൾ. വൈറൽ പനിയും ആസ്ത്മയുടെ ലക്ഷണങ്ങളാണുള്ളത്. കുട്ടികളെയും അസുഖം ബാധിക്കുന്നുണ്ട്. അതിഗൗരവ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്നതാണ് ആശ്വാസം. 11,000-ഓളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തിരക്കാണ്. കൂടുതൽ പേർ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നുണ്ട്. സ്ഥിതിഗതികൾ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

ആസ്മാ രോഗികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചിൽ മുറുക്കം, കുറുകൽ, വലിവ് എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ഇൻഹേലർ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരിൽ രോഗാവസ്ഥ വല്ലാതെ വഷളായി. രോഗികൾ ഇൻഹേലറിനു പുറമെ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടിവരുന്നു. ശ്വാസംമുട്ടലും വലിവും കൂടുന്നവരിലും മറ്റ് ജീവിതശൈലീരോഗങ്ങൾ ഉള്ളവരിലും കിടത്തിച്ചികിത്സ വേണ്ടിവരുന്നു. ഇൻഫ്‌ളുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ അസുഖത്തിന് കാരണമാകുന്നുണ്ട്. അതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാകുന്നു. ആസ്ത്മ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും കുറുകലുമൊക്കെ മാറാൻ കാലതാമസം എടുക്കുന്നുണ്ട്.

പകർച്ചപ്പനി ചിലയാളുകളിൽ അകപടകരമാകാൻ സാധ്യതയുണ്ടെന്നും ഇതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എല്ലാ വർഷവും ഉണ്ടാകുന്ന പകർച്ചപനിയുടെ സമയമാണ് വരുന്നത്. കലാവസ്ഥാ വ്യതിയാനവും രോഗം പടരാൻ കാരണമാണ്. പകർച്ചവ്യാധികൾ കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യ രോഗികളും പനിയെ പ്രതിരോധിക്കാൻ കരുതലെടുക്കണം.
നിത്യരോഗങ്ങളായ പ്രമേഹം, ആസ്തമ, ഹൃദയശ്വാസകോശ രോഗങ്ങൾ, വൃക്ക, അർബുദ രോഗികൾ, 65 വയസ്സിന് മുകളിലുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ കൂടുതൽ കരുതൽ എടുക്കണം.

രാവിലത്തെ തണുപ്പും മഞ്ഞും പിന്നാലെ കടുത്ത ചൂട് കാലാവസ്ഥയും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. മുതിർന്നവരെയും കുട്ടികളെയും പനി ഒരുപോലെ വലയ്ക്കുന്നുണ്ട്. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ രോഗികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്നത് വൈറൽ പനിയാണെന്നും കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം സുഖപ്പെടുമെന്നും മറ്റു ആശങ്കകൾ വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കുട്ടികളിൽ പനി ഭേദമായാലും ഒന്നിലധികം തവണ വീണ്ടും ബാധിക്കുന്നതും വിട്ടുമാറാത്ത ചുമയും ക്ഷീണവും ആശങ്കപ്പെടുത്തുന്നുണ്ട്.

രോഗം പടരുമ്പോഴും കൃത്യസമയത്ത് ചികിത്സ തേടാൻ പലരും മടിക്കുന്നത് കഫക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങൾ കൂടാൻ കാരണമാകുന്നുണ്ട്. രണ്ട് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കേണ്ടതാണെന്നും സ്വയംചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു. നിലവിൽ കണ്ടുവരുന്നത് വൈറൽ പനിയാണ്. പനിയുടെ മറ്റ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മതിയായ വിശ്രമമില്ലാത്തത് കുട്ടികളിൽ ഇൻഫെക്ഷനും പിന്നാലെ പനി വീണ്ടും ബാധിക്കുന്നതിനും കാരണമാകുന്നുണ്ട്.