ന്യൂഡൽഹി: രാഷ്ട്രീയക്കാരുടെ വിദേശയാത്രകൾക്ക് കിടഞ്ഞാണിട്ട് കേന്ദ്രസർക്കാർ. സർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, ജഡ്ജിമാർ തുടങ്ങിയവർ വിദേശ ആതിഥേയത്വം സ്വീകരിക്കുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ വിദേശയാത്രൾക്ക് മുൻകൂർ ഓൺലൈൻ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.

ഇതുസംബന്ധിച്ചു പുതുക്കിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കി. പണമായോ അല്ലാതെയോ വിദേശ സ്രോതസ്സുകൾ വിമാനടിക്കറ്റ്, താമസം, യാത്ര, ചികിത്സ തുടങ്ങിയവ വഹിക്കുന്നതിനെ വിദേശ ആതിഥേയത്വമായി കണക്കാക്കും. യാത്രയ്ക്ക് 2 ആഴ്ചയ്ക്കു മുൻപെങ്കിലും അപേക്ഷ നൽകണം. വെബ്‌സൈറ്റ്: fcraonline.nic.in

അതേസമയ അടിയന്തര ചികിത്സയ്ക്ക് മുൻകൂർ അനുമതി വേണ്ടതില്ല. വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ, ചികിത്സച്ചെലവ് ഒരു ലക്ഷത്തിനു മുകളിലെങ്കിൽ ഒരു മാസത്തിനകം വിശദാംശങ്ങൾ കേന്ദ്രത്തെ അറിയിക്കണം. യുഎൻ, ലോകബാങ്ക്, ഐഎംഎഫ് അടക്കമുള്ളവയെ വിദേശ സ്രോതസ്സുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

യാത്രയുടെ പൂർണ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കുമ്പോഴും സ്വന്തം ചെലവിൽ പോകുമ്പോഴും മുൻകൂർ അനുമതി ആവശ്യമില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്റെ ആതിഥേയത്വം സ്വീകരിക്കുന്നതിനും അനുമതി വേണ്ട. സർക്കാർ ജീവനക്കാരെങ്കിൽ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ ശുപാർശയും സമർപ്പിക്കണം. ആതിഥേയത്വത്തിനുള്ള അപേക്ഷ യാത്രയ്ക്കുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് ക്ലിയറൻസ് അല്ല. അതിനു പ്രത്യേക അപേക്ഷ നൽകണം.

നേരത്തെ കേരളാ മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ വിദേശയാത്ര തന്നെ അറിയിച്ചില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേരളാ ഗവർണർ പരാതി നൽകിയ സാഹചര്യം അടക്കം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാപരിപാടി ഔദ്യോഗികമായി ഗവർണറെ അറിയിക്കണമെന്ന് വ്യവസ്ഥയില്ല. എന്നിട്ടും, ഒക്ടോബർ മൂന്നിന് കണ്ണൂരിൽവച്ച് മുഖ്യമന്ത്രി നേരിട്ട് ഗവർണറോട് യാത്രാകാര്യങ്ങൾ അറിയിച്ചു. നിയമപരമായി അനുമതി നൽകേണ്ട കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിച്ചശേഷമാണ് മുഖ്യമന്ത്രി യാത്ര നടത്തിയത്.

ഒക്ടോബർ നാലുമുതൽ 15 വരെയായിരുന്നു യാത്ര. മടക്കയാത്രയിൽ യുഎഇയിൽ തങ്ങുന്നതിനുള്ള അനുമതിയും വാങ്ങി. ഒക്ടോബർ 15നാണ് രാജ്ഭവനിൽനിന്ന് രാഷ്ട്രപതിക്ക് പരാതിയയച്ചത്. ഇത്തരം വിവാദങ്ങൾ നിലനിൽക്കേയാണ് വിദേശയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.