കണ്ണൂർ: സുപ്രീംകോടതി അയോഗ്യനാക്കിയ ദിവസവും അദ്ധ്യാപക നിയമനങ്ങളിൽ മുൻ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവിന്ദ്രൻ ഇടപെട്ടതായുള്ള ആരോപണം ശക്തമാകുന്നു. വിസി സ്ഥാന ഭ്രഷ്ടനായിട്ടും രാഷ്ട്രീയ പ്രേരിതമായി നിയമനങ്ങളിൽ ഇടപെട്ടെന്ന ഹർജി കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതോടെ ഡൽഹി ജാമി മിലിയ സർവകലാശാലയിലേക്ക് മടങ്ങിയിട്ടും കണ്ണൂർ വി സിക്കെതിരെ നിയമകുരുക്ക് മുറുക്കുകയാണ്.

ഡോ. ഗോപിനാഥ് രവീന്ദ്രൻ നടത്തിയ നിയമനങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജ്യോഗ്രഫി അസി. പ്രൊഫസർ നിയമനം ഹൈക്കെടതി തടഞ്ഞതോടെ, അദ്ധ്യാപക നിയമനത്തിൽ ബാഹ്യമായ ഇടപെടലുകളും സ്വജനപക്ഷപാതവും നടന്നുവെന്ന ആരോപണവും മുറുകുന്നു.

കോവിഡ് കാലം കഴിഞ്ഞിട്ടും ഓൺലൈനിൽ മാത്രം അദ്ധ്യാപക കൂടിക്കാഴ്ച നടത്തിയതും അക്കാദമിക് സ്‌കോറിൽ ഏറെ പിന്നിലായവർ പോലും കൂടിക്കാഴ്ചയിൽ മുൻനിരയിൽ എത്തിയതിലും നേരത്തേ തന്നെ സംശയമുയർന്നിരുന്നു. ഇത്തരം സംശയങ്ങൾ ഒരുപരിധിവരെ ശരിവെക്കുകയാണ് ജ്യോഗ്രഫി അസി. പ്രഫസർ നിയമനം സ്റ്റേ ചെയ്തതിലൂടെ സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

വി സിയുടെ പുനർനിയമനം സുപ്രിംകോടതി റദ്ദാക്കിയ നിമിഷം ജ്യോഗ്രഫി അദ്ധ്യാപക നിയമന കൂടിക്കാഴ്ചയിൽ നിന്ന് വി സി പിന്മാറിയെങ്കിലും മുതിർന്ന പ്രഫസറെ ചുമതലപ്പെടുത്തി. നിയമന നടപടികൾ നിർത്തിവെക്കുന്നതിനു പകരം ഇല്ലാത്ത അധികാരം പ്രയോഗിച്ച് നിയമന കാര്യങ്ങൾ തുടർന്നുവെന്നാണ് പരാതി. ഇന്റർവ്യൂബോർഡിൽ ഒന്നാം റാങ്കുകാരന്റെ ഗവേഷണ ഗൈഡ് കടന്നുകൂടിയത് രണ്ടാം റാങ്കുകാരി കോടതിയിൽ ഉന്നയിച്ചത് ഇതിനു പുറമെയാണിത്.

പ്രിയ വർഗിസ് നിയമനത്തിലേത് പോലെ അക്കാദമിക് സ്‌കോറുകൾ കുറവായവർക്ക് കൂടിക്കാഴ്ചയിൽ ഉയർന്ന മാർക്ക് നൽകിയാണ് മിക്ക നിയമനങ്ങളും. ഓൺലൈൻ കൂടിക്കാഴ്ച ആയതിനാൽ ആരൊക്കെ പങ്കെടുത്തുവെന്ന് പോലും സഹ ഉദ്യോഗാർഥികൾ അന്ന് അറിഞ്ഞില്ല. മുസ്‌ലിം സംവരണ വിഭാഗത്തിൽ നടന്ന ഫിസിക്‌സ് അദ്ധ്യാപക നിയമനത്തിൽ മെറിറ്റ് അട്ടിമറി നടന്നതിനെതിരെ ഹൈക്കോടതിയിൽ കേസുണ്ട്.

വി സി പുനർ നിയമന കേസിലേത് പോലെ അദ്ധ്യാപക നിയമനങ്ങളും കോടതി കയറുമ്പോൾ ചാൻസലറായ ഗവർണറുടെ നിലപാടും നിർണായകം. അദ്ധ്യാപക നിയമനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർക്കും ചാൻസലറുടെ നോമിനി കൂടിയായ ആക്ടിങ് വി സിക്കും ഇതിനകം നിവേദനം ലഭിച്ചിട്ടുണ്ട്.

വിഷയം ഗൗരവതരമാണെന്നും കോടതിയെ സമീപിക്കുമെന്നും വി സി പുനർനിയമനത്തിനെതിരെ സുപ്രിംകോടതി വരെ നിയമ പോരാട്ടം നടത്തിയ കെ.പി.സി.ടി.എ നേതാവ് ഡോ. ഷിനോ പി.ജോസ് പറഞ്ഞു. ബോർഡ് ഓഫ് സ്റ്റഡീസ് യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന നേതൃ ശിൽപ്പശാലയിൽ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടിരുന്നു.